ഇനിയും അപ്രതീക്ഷിത നീക്കങ്ങളെന്ന് ഇറാന്റെ മുന്നറിയിപ്പ്; എണ്ണവില കുത്തനെ ഉയര്‍ന്നതിന് അമേരിക്കയെ കുറ്റപ്പെടുത്തി 'ഓപ്പറേഷന്‍ എപിക് മിസ്റ്റേക്ക്'

ഇനിയും അപ്രതീക്ഷിത നീക്കങ്ങളെന്ന് ഇറാന്റെ മുന്നറിയിപ്പ്; എണ്ണവില കുത്തനെ ഉയര്‍ന്നതിന് അമേരിക്കയെ കുറ്റപ്പെടുത്തി 'ഓപ്പറേഷന്‍ എപിക് മിസ്റ്റേക്ക്'


തെഹ്‌റാന്‍: അമേരിക്കയുടെ സൈനികാക്രമണങ്ങളെ 'ഓപ്പറേഷന്‍ എപിക് മിസ്റ്റേക്ക്' എന്ന് വിശേഷിപ്പിച്ച് ഇറാന്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്ത്. ആഗോള എണ്ണവില ഇരട്ടിയായെന്നും എല്ലാ ചരക്കുകളുടെ വിലയും കുത്തനെ ഉയര്‍ന്നുവെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി തിങ്കളാഴ്ച പറഞ്ഞു.

അമേരിക്ക ഇറാന്റെ എണ്ണ സൗകര്യങ്ങളെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് ആരോപിച്ച അദ്ദേഹം ഇറാന്‍ പൂര്‍ണമായും തയ്യാറാണെന്നും തങ്ങള്‍ക്കു മുന്നില്‍ നിരവധി അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ, ഒരു ദിവസത്തെ വ്യാപാരത്തില്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡ് വില ബാരലിന് 119.48 ഡോളര്‍ വരെ ഉയര്‍ന്ന് പിന്നീട് 103.32 ഡോളറില്‍ നിന്നു. അതേസമയം ബ്രെന്റ് ക്രൂഡ് വിലയും 100 ഡോളറിന് മുകളിലായി. ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്ക- ഇസ്രയേല്‍ സംയുക്ത സൈനികാക്രമണങ്ങള്‍ക്കുശേഷം എണ്ണവിലയില്‍ 50 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇസ്രായേല്‍ 'ഓപ്പറേഷന്‍ റൊറിംഗ് ലയണ്‍' എന്ന പേരിലും യു എസ് 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' എന്ന പേരിലും നടത്തിയ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, സംശയിക്കുന്ന ആണവ സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമാക്കിയിരുന്നു. ഇറാന്റെ ഉയര്‍ന്ന തലത്തിലുള്ള നേതൃത്വത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം.

ആക്രമണത്തിന്റെ ആദ്യദിവസം തന്നെ ഇറാന്റെ പരമാധികാരി അലി ഖംനേയി കൊല്ലപ്പെട്ടിരുന്നു. 

ഇതിന് തിരിച്ചടിയായി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലുടനീളം അമേരിക്കന്‍ സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമാക്കി ആക്രമണം നടത്തി. ഖത്തര്‍, യു എ ഇ, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന പ്രധാന കടല്‍പാതയായ ഹോര്‍മുസ് കടലിടുക്ക് വഴി കപ്പല്‍ഗതാഗതം ഇറാന്‍ തടഞ്ഞതോടെ ആഗോള വിപണിയില്‍ വലിയ ആഘാതമാണ് ഉണ്ടായത്.

ഇതിനിടെ ഇറാഖ്, കുവൈത്ത്ത, യു എ ഇ തുടങ്ങിയ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങള്‍ കയറ്റുമതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഉത്പാദനം കുറയ്‌ക്കേണ്ട സാഹചര്യവും ഉണ്ടായി.

എണ്ണവില 100 ഡോളറിന് മുകളിലെത്തിയ സാഹചര്യത്തില്‍ ജി7 രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ അടിയന്തര ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. തന്ത്രപ്രധാന പെട്രോളിയം ശേഖരങ്ങള്‍ തുറന്ന് വിപണിയില്‍ ഇറക്കുന്നതിനുള്ള ഏകോപിത നീക്കമാണ് അവര്‍ പരിഗണിക്കുന്നത്.

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത് ലോകസുരക്ഷയ്ക്കായി അടയ്‌ക്കേണ്ട വളരെ ചെറിയ വില മാത്രമാണ് ഇത് എന്നായിരുന്നു.

എണ്ണ വിലയില്‍ സ്ഥിരമായി 10 ശതമാനം വര്‍ധന ഉണ്ടാകുമ്പോള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഏകദേശം 0.15 ശതമാനം വരെ ഇടിവുണ്ടാകാമെന്നും  എണ്ണ ഇറക്കുമതി ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഇത് 'സ്റ്റാഗ്ഫ്‌ളേഷന്‍' എന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകാമെന്നും ഐ എം എഫ് വ്യക്തമാക്കി.