ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇടപെടരുതെന്ന് ഇറാന്റെ മുന്നറിയിപ്പ്

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇടപെടരുതെന്ന് ഇറാന്റെ മുന്നറിയിപ്പ്


തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം സംബന്ധിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കടലിടുക്കിന്റെ നിയന്ത്രണത്തിലും നടപടികളിലും മറ്റൊരു രാജ്യവും ഇടപെടരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഹോര്‍മുസ് കടലിടുക്ക് 30 ദിവസത്തിനകം യുദ്ധത്തിന് മുമ്പുണ്ടായിരുന്ന പ്രവര്‍ത്തനക്ഷമതയിലേക്ക് തിരിച്ചെത്തുമെന്നും ഇറാനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രപ്രകാരം ഇതിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം മറ്റൊരു രാജ്യത്തിനോ സംഘടനയ്‌ക്കോ ഇല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി വ്യക്തമാക്കി.

ഒപ്പുവെച്ച ധാരണാപത്രം എല്ലാ കക്ഷികളും മാനിക്കുകയും അതിന്റെ നടപ്പാക്കല്‍ തടസ്സപ്പെടുത്താതിരിക്കുകയും വേണമെന്നും അറാഘ്ചി പറഞ്ഞു.

ഹോര്‍മുസ് മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കേണ്ട ഉത്തരവാദിത്വം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണെന്നും അദ്ദേഹം വ്യക്തമാക്കി. ധാരണാപത്രപ്രകാരം അമേരിക്കയും ഇസ്രായേലും ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയും യുദ്ധത്തിന് വിരാമമിടുകയും അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് പിന്മാറാന്‍ സാഹചര്യം ഒരുക്കുകയും വേണമെന്ന് അറാഘ്ചി ആവശ്യപ്പെട്ടു.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സിംഗപ്പൂര്‍ പതാകയുള്ള എം വി എവര്‍ ലവ്‌ലി എന്ന ചരക്കുകപ്പലിന് നേരെ ജൂണ്‍ 25-ന് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഇറാനിലെ മിസൈല്‍, ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങള്‍ക്കും തീരദേശ റഡാര്‍ സംവിധാനങ്ങള്‍ക്കും നേരെ അമേരിക്ക വ്യോമാക്രമണം നടത്തിയതെന്ന് യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്കന്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. എന്നാല്‍ ആക്രമണം നടന്ന സ്ഥലങ്ങളെയോ നാശനഷ്ടങ്ങളെയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല.