അമേരിക്കയുമായി ഇനി ചർച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച് ഇറാൻ, നാവിക ഉപരോധം ശക്തമാക്കി യുഎസ്

അമേരിക്കയുമായി ഇനി ചർച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച് ഇറാൻ, നാവിക ഉപരോധം ശക്തമാക്കി യുഎസ്


ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സൈനിക സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കയുമായി ഇനി ചർച്ചയ്ക്കില്ലെന്ന് ഇറാൻ. അമേരിക്കൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ജൂൺ 17ലെ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കാൻ ഇനി ബാധ്യസ്ഥരല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഗായി അറിയിച്ചു.


അമേരിക്ക തുടർച്ചയായി കരാർ ലംഘിക്കുന്ന സാഹചര്യത്തിൽ ഇനി ചർച്ചാ മേശയിലേക്ക് മടങ്ങില്ലെന്ന് ഇറാൻ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവിയോട് ഇസ്മാഈൽ ബഗായി വ്യക്തമാക്കി. സൈനിക നടപടികളിലൂടെ ഇറാനെ സമ്മർദത്തിലാക്കി ചർച്ചയ്ക്ക് പ്രേരിപ്പിക്കാമെന്ന അമേരിക്കൻ വാദങ്ങളോടും അദ്ദേഹം പ്രതികരിച്ചു. നിലവിൽ ചർച്ചകൾക്ക് പദ്ധതിയില്ലെന്നും പ്രതിരോധത്തിലാണ് ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. തുടക്കം മുതൽ തന്നെ അമേരിക്ക കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്നും അതിനാൽ സ്വന്തം ബാധ്യതകൾ പുനഃപരിശോധിക്കാൻ ഇറാൻ നിർബന്ധിതരായെന്നും വക്താവ് ചൂണ്ടിക്കാട്ടി.


പരസ്പരമുള്ള ബാധ്യതകളുടെ അടിസ്ഥാനത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്. ഒരു കക്ഷി അത് ലംഘിച്ചാൽ മറുഭാഗവും വ്യവസ്ഥകൾ പാലിക്കുന്നതിൽ നിന്ന് പിന്മാറുമെന്നും ഇതാണ് തങ്ങളുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. ധാരണാപത്രത്തിലെ ഒന്നാം വകുപ്പ് മുതൽ തന്നെ അമേരിക്ക വാഗ്ദാനലംഘനവും വഞ്ചനയുമാണ് കാണിച്ചതെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കൻ സമ്മർദങ്ങളെ ചെറുക്കുന്നതിന് ഇറാനിൽ വലിയ ജനപിന്തുണയുണ്ട്. ഏതൊരു ആക്രമണത്തിനും സായുധസേന ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനെതിരെ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തി. ഇറാൻ്റെ തെക്കൻ തീരത്തെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം അഞ്ചാം ദിനവും വ്യോമാക്രമണം തുടർന്നു. ആക്രമണങ്ങളിൽ 35 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഇറാൻ സ്ഥിരീകരിച്ചു.


ഉപരോധം ലംഘിച്ച് ഇറാൻ്റെ ഖാർഗ് ദ്വീപിലേക്ക് പോവുകയായിരുന്ന കുറക്കാവോ പതാക വഹിച്ച എംടി ബെൽമ എന്ന എണ്ണ ടാങ്കർ അമേരിക്കൻ സൈന്യം തടഞ്ഞു. മുന്നറിയിപ്പുകൾ അവഗണിച്ചതിനെ തുടർന്ന് ഹെൽഫയർ മിസൈലുകൾ ഉപയോഗിച്ച് കപ്പലിൻ്റെ പുകക്കുഴൽ തകർക്കുകയായിരുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്കോം) അറിയിച്ചു. ചൊവ്വാഴ്ച ഉപരോധം പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിനുള്ളിൽ നിയമം പാലിച്ച രണ്ട് വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിടുകയും നിയമം ലംഘിച്ച ഒരു കപ്പൽ തടയുകയും ചെയ്തു.


ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് ഭീഷണിയാകുന്ന ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബുധനാഴ്ച രണ്ട് തവണയാണ് അമേരിക്ക ആക്രമണം നടത്തിയത്. കിഴക്കൻ സമയം രാവിലെ 7.30നും വൈകിട്ട് മൂന്നിനുമായിരുന്നു ആക്രമണം. സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഇറാൻ്റെ 388-ാം മെക്കനൈസ്ഡ് ഇൻഫൻട്രി ബ്രിഗേഡിൻ്റെ സൈനിക താവളത്തിന് നേരെ അമേരിക്ക 13 മിസൈലുകൾ പ്രയോഗിച്ചു. ഇവിടെ ഏഴ് സൈനികർ കൊല്ലപ്പെട്ടു. ബന്ദർ അബ്ബാസ്, ഖോർമുജ്, അഹ്‌വാസ്, ഖേഷ്‌മ്, ബുഷെർ, കുഹ്-ഇ സ്റ്റാക്ക് എന്നീ തീരദേശ നഗരങ്ങളിലും തന്ത്രപ്രധാനമായ ഗ്രേറ്റർ ടൺബ് ദ്വീപിലുമാണ് അമേരിക്ക ബോംബിട്ടത്. 1971ൽ യുഎഇയിൽ നിന്ന് ഇറാൻ പിടിച്ചെടുത്തതാണ് അബു മൂസ, ഗ്രേറ്റർ ടൺബ്, ലെസ്സർ ടൺബ് എന്നീ ദ്വീപുകൾ. അഹ്‌വാസ്, ചബഹാർ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.