ടെഹ്‌റാന്‍: ഇറാനിലെ ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തുടനീളം ശക്തമാകുന്നു. തലസ്ഥാനമായ ടെഹ്‌റാനിലെ ചരിത്രപ്രസിദ്ധമായ ഗ്രാന്‍ഡ് ബസാറില്‍ ചൊവ്വാഴ്ച നടന്ന പ്രതിഷേധം ഭരണകൂടത്തിന് വലിയ മുന്നറിയിപ്പായി. രാജ്യത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ നാഡിയായി കണക്കാക്കപ്പെടുന്ന ഗ്രാന്‍ഡ് ബസാറില്‍ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ കുത്തിയിരിപ്പ് സമരം നടത്തിയതോടെ സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ച് ജനങ്ങളെ പിരിച്ചുവിട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ബസാറിലെ ഭൂരിഭാഗം കടകളും അടച്ചിടേണ്ടിവന്നു.
സമീപ ദിവസങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഇതുവരെ 36 പേര്‍ കൊല്ലപ്പെടുകയും 1,200ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി വിദേശത്തുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. പ്രതിഷേധങ്ങള്‍ ഇനിയും ശക്തമാകുമെന്ന സൂചനയാണ് രാജ്യത്തിന്റെ കറന്‍സിയായ റിയാല്‍ റെക്കോര്‍ഡ് താഴ്ചയിലെത്തിയത്.
അതേസമയം, മരുന്നും ഗോതമ്പും ഒഴികെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഡോളറിനുള്ള സബ്‌സിഡി വിനിമയനിരക്ക് അവസാനിപ്പിച്ചതോടെ ജനജീവിതം കൂടുതല്‍ ദുഷ്‌കരമാകുമെന്ന ആശങ്ക ശക്തമാകുന്നു. ഇറക്കുമതിക്കാര്‍ക്കും ഉല്‍പാദകര്‍ക്കുമായി സര്‍ക്കാര്‍ നല്‍കിയിരുന്ന ഇളവുകള്‍ പിന്‍വലിച്ചതോടെ വിലക്കയറ്റം ഉടന്‍ തന്നെ വിപണിയില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍.
സാധനങ്ങളുടെ ലഭ്യതയും വിലയും ഇതിനകം തന്നെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പാചകഎണ്ണയുടെ വില ഇരട്ടിയായി ഉയര്‍ന്നതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ചില കടകളില്‍ സാധനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്, നഷ്ടത്തില്‍ വില്‍ക്കേണ്ടിവരുമെന്ന ആശങ്കയില്‍ വ്യാപാരികള്‍ സാധനങ്ങള്‍ പിടിച്ചുവയ്ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ചീസ്, കോഴി ഇറച്ചി എന്നിവയുടെ വിലയും കുത്തനെ ഉയര്‍ന്നു. ഇറക്കുമതി അരി പല പ്രദേശങ്ങളിലും ലഭ്യമല്ല.
പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിച്ച പരിഷ്‌കരണവാദിയായ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ഒരു സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പ്രതിസന്ധി സര്‍ക്കാരിന്റെ നിയന്ത്രണത്തിന് പുറത്തേക്ക് പോകുന്നുവെന്ന സൂചന നല്‍കി.
'ഇതെല്ലാം സര്‍ക്കാര്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുംെന്ന് പ്രതീക്ഷിക്കാനാവില്ല. സര്‍ക്കാരിന് അതിനുള്ള ശേഷിയില്ല,' അദ്ദേഹം ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.
ഗ്രാന്‍ഡ് ബസാറിലെ ചുരുങ്ങിയ വഴികളിലും അടച്ചുകെട്ടിയ ഇടവഴികളിലും പ്രതിഷേധക്കാര്‍ സുരക്ഷാസേനയ്ക്ക് മുന്നില്‍ ഇരുന്ന് പ്രതിഷേധിച്ചതായി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. മുമ്പ് ഒരു വ്യക്തി ഒറ്റയ്ക്ക് സുരക്ഷാസേനയ്ക്ക് മുന്നില്‍ ഇരിക്കുന്ന ചിത്രം വൈറലായതിന് പിന്നാലെ, ഇത്തരത്തിലുള്ള സമരരൂപം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക സമ്മര്‍ദവും വിലക്കയറ്റവും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍, ഇറാനിലെ അശാന്തി അടുത്ത ദിവസങ്ങളിലും കൂടുതല്‍ വ്യാപിക്കുമെന്ന ആശങ്ക ശക്തമാണ്.
ഇറാനില്‍ അശാന്തി പടരുന്നു: ഗ്രാന്‍ഡ് ബസാറില്‍ പ്രതിഷേധം; 36 മരണം, ആയിരത്തിലധികം പേര്‍ കസ്റ്റഡിയില്‍
