ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന് വിരാമമിടാന്‍ ഇറാനും അമേരിക്കയും തമ്മില്‍ പുതിയ നയതന്ത്ര നീക്കങ്ങള്‍ സജീവമാകുന്നു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മൂന്നാമതൊരു രാജ്യത്തേക്ക് മാറ്റുകയോ സമ്പുഷ്ടീകരണത്തിന്റെ തോത് കുറയ്ക്കുകയോ ചെയ്യുന്നതിനും അന്താരാഷ്ട്ര കപ്പല്‍ഗതാഗതത്തിന് നിര്‍ണായകമായ ഹോര്‍മുസ് കടലിടുക്ക് പ്രാഥമിക ധാരണയിലെത്തി ഏഴുദിവസത്തിനകം തുറന്നുകൊടുക്കുന്നതിനും നിര്‍ദേശിക്കുന്ന കരട് ചട്ടക്കൂട് പുറത്തുവന്നതായി അല്‍ അറബിയ ഇംഗ്ലീഷ് റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടനുസരിച്ച്, അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായുള്ള പ്രാഥമിക ധാരണാരേഖയില്‍ ചൈനയെ കരാറിന്റെ നടത്തിപ്പിനും ദീര്‍ഘകാല നിലനില്‍പ്പിനും ഉറപ്പുനല്‍കുന്ന രാജ്യമായി പരിഗണിക്കുന്നുണ്ട്. ഇസ്താംബൂളിന് പകരം ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഇരുരാജ്യങ്ങളും നേരിട്ട് ചര്‍ച്ച നടത്തണമെന്ന നിര്‍ദേശവും കരട് രേഖയിലുണ്ട്.
ആണവപദ്ധതിയിലും സമുദ്രസുരക്ഷയിലും ഇറാന്‍ ഉറപ്പുകള്‍ നല്‍കുന്നതിന് പകരമായി ഉപരോധങ്ങളും ഉപരോധനടപടികളും മറ്റ് സാമ്പത്തിക നിയന്ത്രണങ്ങളും അമേരിക്ക ലഘൂകരിക്കണമെന്നാണ് നിര്‍ദേശത്തിന്റെ കാതല്‍. കരാറിലെ ഓരോ ഘട്ടവും നടപ്പാക്കുന്നതിന് മുമ്പ് ഇരുപക്ഷത്തിന്റെയും ഉറപ്പുകള്‍ സ്വതന്ത്ര സംവിധാനത്തിലൂടെ പരിശോധിക്കാനും നിര്‍ദേശമുണ്ട്. ഒരു വിഭാഗം മാത്രം വലിയ വിട്ടുവീഴ്ചകള്‍ ചെയ്യുകയും മറുവിഭാഗം അതിന് തുല്യമായ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
കരാര്‍ ലംഘനങ്ങളോ നടപടികളിലെ കാലതാമസമോ ഉണ്ടായാല്‍ മധ്യസ്ഥ രാജ്യങ്ങളുടെയും ഉറപ്പുനല്‍കുന്ന രാജ്യങ്ങളുടെയും പങ്കാളിത്തത്തോടെ തര്‍ക്കപരിഹാര സംവിധാനം രൂപീകരിക്കാനും നിര്‍ദേശിക്കുന്നുണ്ട്. ഇതിനിടെ, വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കി ഖത്തര്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും മുതിര്‍ന്ന ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള ഖത്തര്‍ സംഘം വെള്ളിയാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെത്തി ചര്‍ച്ചകള്‍ നടത്തിയതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുമായി ഏകോപിപ്പിച്ചാണ് ഖത്തറിന്റെ നയതന്ത്ര ഇടപെടല്‍. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇറാന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്‌സെന്‍ റെസായിക്ക് അയച്ച കത്തും ഖത്തര്‍ പ്രതിനിധികള്‍ വഴി കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ അമേരിക്കന്‍ സൈനികാക്രമണങ്ങള്‍ ഒഴിവാക്കുന്നതിനുള്ള പുതിയ നയതന്ത്ര മാര്‍ഗം മുന്നോട്ടുവയ്ക്കുന്ന കത്തിനെ ടെഹ്‌റാന്‍ സ്വാഗതം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് തിടുക്കമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ, ഇറാന്‍ ചര്‍ച്ചകള്‍ക്ക് താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സൈനികര്‍ക്കും പോലീസുകാര്‍ക്കും ശമ്പളം നല്‍കാന്‍ പോലും രാജ്യത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. യുദ്ധം തുടരാന്‍ അമേരിക്കയ്ക്ക് സമയമുണ്ടെന്നും ഇത് സാധാരണ രീതിയിലുള്ള യുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. സൈനിക നീക്കത്തിനായി അമേരിക്ക ചെലവഴിക്കുന്ന തുക താരതമ്യേന കുറവാണെന്നും വെനസ്വേലയില്‍ നിന്നുള്ള നേട്ടങ്ങള്‍ വഴി ചെലവിന്റെ പത്തിരട്ടിയിലധികം തിരിച്ചുപിടിച്ചെന്നുമുള്ള അവകാശവാദവും ട്രംപ് ഉന്നയിച്ചു. എന്നാല്‍ ഇതിന് ആധികാരികമായ കണക്കുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കാനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞിട്ടില്ല. നേരത്തേ 'എപ്പിക് ഫ്യൂറി' എന്ന പേരില്‍ നടത്തിയ സൈനിക നീക്കത്തിന്റെ മറ്റൊരു ഘട്ടം ഉണ്ടാകാമെന്ന സൂചന നല്‍കിയിരുന്നെങ്കിലും, മികച്ചൊരു കരാറിലെത്താനുള്ള സാധ്യതയും അദ്ദേഹം മുന്നോട്ടുവച്ചിട്ടുണ്ട്. നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി തുര്‍ക്കിയും സജീവമായി ഇടപെടുന്നുണ്ട്. അമേരിക്കയില്‍ നടന്ന ജി20 മന്ത്രിതല യോഗത്തിനിടെ തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇറാന്‍അമേരിക്ക ചര്‍ച്ചകള്‍, പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍, ഉഭയകക്ഷി ബന്ധങ്ങള്‍ എന്നിവ ചര്‍ച്ചയായതായി തുര്‍ക്കിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അനഡോലു റിപ്പോര്‍ട്ട് ചെയ്തു. ഇതിന് മുമ്പ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനും ട്രംപും ഫോണില്‍ സംസാരിച്ചിരുന്നു. സമുദ്രഗതാഗത പാതകളെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിച്ച തുര്‍ക്കി, സംഘര്‍ഷം കുറയ്ക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചു.
ഇറാന്റെ ആണവപദ്ധതി, സാമ്പത്തിക ഉപരോധങ്ങള്‍, ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധനടപടികള്‍ എന്നിവയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്നതിനിടെയാണ് പുതിയ കരട് ധാരണ പുറത്തുവന്നിരിക്കുന്നത്. നിര്‍ദേശങ്ങള്‍ ഔദ്യോഗിക കരാറായി മാറുമോ, ഹോര്‍മുസ് കടലിടുക്ക് വീണ്ടും അന്താരാഷ്ട്ര കപ്പല്‍ഗതാഗതത്തിനായി തുറക്കപ്പെടുമോ, പശ്ചിമേഷ്യയില്‍ ദീര്‍ഘകാല സമാധാനത്തിന് വഴിയൊരുങ്ങുമോ എന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്. നിലവില്‍ പുറത്തുവന്നിരിക്കുന്നത് പ്രാഥമിക കരട് നിര്‍ദേശങ്ങള്‍ മാത്രമായതിനാല്‍ അന്തിമ ധാരണയിലെത്തുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
ആണവശേഖരം വിദേശത്തേക്ക് മാറ്റും; ഹോര്‍മുസ് കടലിടുക്ക് ഏഴുദിവസത്തിനകം തുറക്കും? ഇറാന്‍അമേരിക്ക കരാര്‍രേഖ പുറത്ത്
