ടെഹ്രാൻ/വാഷിംഗ്ടൺ: ഇറാനിലെ വൈദ്യുതി നിലയങ്ങൾ ആക്രമിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ ശക്തമായ പ്രതികരണവുമായി ഇറാനും രംഗത്തെത്തി. അമേരിക്ക ആക്രമിച്ചാൽ ഊർജ്ജ, വിവരസാങ്കേതിക, കുടിവെള്ള ശുദ്ധീകരണ (ഡീസാലിനേഷൻ) അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി തിരിച്ചടി നടത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകിയതായി ദി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കാത്ത പക്ഷം ഇറാനിലെ വൈദ്യുതി നിലയങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ കടുത്ത പ്രതികരണം.
'പ്രദേശമൊട്ടാകെ വിവിധ നിർണായക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടിക്കാൻ കഴിയുമെന്ന്' ഇറാന്റെ സൈനിക സംയുക്ത കമാൻഡിന്റെ വക്താവിനെ ഉദ്ധരിച്ച് രാജ്യത്തെ സർക്കാർ മാധ്യമങ്ങൾ, അറിയിച്ചു. മിഡിൽ ഈസ്റ്റിലെ ഊർജ്ജ മേഖലയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആക്രമണ പരിധിയിലാകാമെന്ന സൂചനയാണിത്.
പ്രത്യേകിച്ച്, കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ഡീസാലിനേഷൻ പ്ലാന്റുകൾക്ക് ഭീഷണി ഉയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. മിഡിൽ ഈസ്റ്റ് മേഖലയിൽ ലോകത്തെ ആകെ ഡീസാലിനേഷൻ ശേഷിയുടെ 40 ശതമാനത്തിലധികം, ഏകദേശം 5,000 പ്ലാന്റുകൾ പ്രവർത്തിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ലക്ഷക്കണക്കിന് ആളുകൾക്ക് ഇവയാണ് പ്രധാന കുടിവെള്ള ഉറവിടം.
ഇത്തരം കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്താനുള്ള പ്രവണത ഇതിനകം പ്രകടമായിട്ടുണ്ട്. ഈ മാസം ആദ്യം ബഹ്‌റൈനിൽ നടന്ന ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ഒരു ഡീസാലിനേഷൻ പ്ലാന്റിന് നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചിരുന്നു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും കുടിവെള്ള വിതരണം ചെയ്യുന്ന നിർണായക സംവിധാനങ്ങൾ ബാധിക്കപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിനിടെ, സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള മുന്നറിയിപ്പുകളും പ്രതിമുന്നറിയിപ്പുകളും തുടരുന്നതിനാൽ പശ്ചിമേഷ്യയിൽ സുരക്ഷാ സാഹചര്യം ആശങ്കാജനകമായി തുടരുകയാണ്.
അമേരിക്ക ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ കുടിവെള്ളശുദ്ധീകരണശാല ഉൾപ്പെടെ നിർണായക അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
