തെഹ്‌റാന്‍: തങ്ങള്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും നിലവില്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നും പാകിസ്ഥാനെ ഇറാന്‍ അറിയിച്ചതായി അല്‍ അറബിയയും അല്‍ ഹദത്ത് മാധ്യമങ്ങളും ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ പുന:രാരംഭിക്കാനുള്ള നിര്‍ദേശത്തോട് പ്രതികരണമായിരുന്നു പ്രസ്താവന.
ഇറാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോര്‍മുസ് കടലിടുക്കില്‍ പുതിയ സമുദ്ര ഇടനാഴി സൃഷ്ടിക്കാനുള്ള ആശയവും ഇറാന്‍ തള്ളിക്കളഞ്ഞതായി പാകിസ്ഥാന്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്.
അമേരിക്ക ഇറാനെതിരായ സൈനികാക്രമണങ്ങള്‍ ഏകദേശം രണ്ടാഴ്ച നീണ്ട നടപടികള്‍ക്ക് ശേഷം നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇറാനെതിരെ അമേരിക്കന്‍ സൈനികാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് വിവരം.
അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 13 ദിവസത്തോളം യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദിവസവും ഉച്ചകഴിഞ്ഞ് സൈനിക നടപടി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണങ്ങള്‍ നടപ്പാക്കുന്നതായിരുന്നു പതിവ്.
ആക്രമണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിയ സാഹചര്യത്തില്‍ വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് ആവശ്യമെങ്കില്‍ ആക്രമണം തുടരാനോ കൂടുതല്‍ ശക്തമാക്കാനോ അമേരിക്കയ്ക്ക് കഴിയുമെന്നും എന്നാല്‍ ഇറാനുമായി ധാരണയിലെത്തുന്നതാണ് കൂടുതല്‍ പ്രായോഗികമായ മാര്‍ഗമെന്നും പറഞ്ഞു.
തങ്ങള്‍ ഇപ്പോള്‍ ഇറാനുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ഓരോ ദിവസവും അവര്‍ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുന്നതായി തോന്നുന്നുവെന്നും ആവശ്യമെങ്കില്‍ ഏത് നടപടിക്കും തങ്ങള്‍ സജ്ജമാണെന്നും എന്നിരുന്നാലും ഇപ്പോള്‍ ചര്‍ച്ചകളാണ് നടക്കുന്നതെന്നും ട്രംപ് പറഞ്ഞു.
