അമേരിക്കയുമായി ചര്‍ച്ച ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇറാന്‍; നയതന്ത്രത്തെ വഞ്ചനാ തന്ത്രമാക്കിയെന്ന് മുന്‍ വിദേശകാര്യ മന്ത്രി

അമേരിക്കയുമായി ചര്‍ച്ച ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇറാന്‍; നയതന്ത്രത്തെ വഞ്ചനാ തന്ത്രമാക്കിയെന്ന് മുന്‍ വിദേശകാര്യ മന്ത്രി


തെഹ്‌റാന്‍: അമേരിക്കയുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ ഒരു മധ്യസ്ഥ രാജ്യത്തിന്റെ അഭ്യര്‍ഥന പ്രകാരമുള്ള കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖായെ പറഞ്ഞു.

ഖത്തര്‍ മധ്യസ്ഥന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വെള്ളിയാഴ്ച വടക്കുകിഴക്കന്‍ നഗരമായ മഷ്ഹദ് സന്ദര്‍ശിച്ചെന്നും ഇറാന്റെ നിലപാടുകള്‍ ഖത്തര്‍ പ്രതിനിധികളെ അറിയിച്ചെന്നും ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ തെഹ്‌റാനും വാഷിങ്ടണും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ നടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ വിശദീകരണം.

അതേസമയം, ഇറാന്‍ മുന്‍ വിദേശകാര്യ മന്ത്രി മനൂചെഹര്‍ മൊത്തക്കി അമേരിക്കയുടെ നയതന്ത്ര നീക്കങ്ങളെ ശക്തമായി വിമര്‍ശിച്ചു. രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള അമേരിക്കയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമായിരുന്നു മുന്‍കാല ചര്‍ച്ചകളെന്ന് അദ്ദേഹം ആരോപിച്ചു.

ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ അമേരിക്കയുടെ 'വഞ്ചനാ പദ്ധതിയുടെ' ഭാഗമായിരുന്നുവെന്ന് മൊത്തക്കി പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക പദ്ധതി തയ്യാറാക്കിയതെന്നും എന്നാല്‍ അത് പരാജയപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

അമേരിക്കയുടെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ ഇറാന്‍ ചര്‍ച്ചാ പ്രതിനിധികള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരിട്ടുള്ള ചര്‍ച്ചകളിലോ രഹസ്യ നയതന്ത്ര ആശയവിനിമയങ്ങളിലോ അമേരിക്കയ്ക്ക് ആത്മാര്‍ഥ താത്പര്യമില്ലെന്നും പകരം ലക്ഷ്യബോധമുള്ളതും ഹ്രസ്വകാലവുമായ യുദ്ധമോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിച്ച് തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് വാഷിംഗ്്ടണ്‍ ശ്രമിക്കുന്നതെന്നും മൊത്തക്കി ആരോപിച്ചു.