അമേരിക്കയും ഇസ്രായേലും തക്കതായ വില നൽകേണ്ടിവരും: ഖമനയിയുടെ മരണത്തിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ സ്പീക്കർ

അമേരിക്കയും ഇസ്രായേലും തക്കതായ വില നൽകേണ്ടിവരും:  ഖമനയിയുടെ മരണത്തിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ സ്പീക്കർ


ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായ അലി ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്ന് അമേരിക്കയും ഇസ്രായേലും 'ചുവപ്പ് രേഖ കടന്നുവെന്നും അതിന്റെ വില തീർച്ചയായും കൊടുക്കേണ്ടിവരുമെന്നും' ഇറാൻ പാർലമെന്റ് സ്പീക്കർ മൊഹമ്മദ്ബാഗർ ഖലീബാഫ് മുന്നറിയിപ്പ് നൽകി. ടെലിവിഷൻ പ്രസംഗത്തിലാണ് അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

രാജ്യം എല്ലാ സാഹചര്യങ്ങൾക്കും തയ്യാറാണെന്നും, പരമോന്നത നേതാവ് ഇല്ലാത്ത സാഹചര്യത്തിലും മുന്നോട്ട് പോകാനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും ഖലീബാഫ് വ്യക്തമാക്കി. 'ഇത് പോലെയുള്ള നിമിഷങ്ങൾക്കായി നാം സജ്ജമായിട്ടുണ്ട്. നിങ്ങൾക്ക് ഭീകരമായ തിരിച്ചടി നൽകും; ഒടുവിൽ നിങ്ങൾ തന്നെ അപേക്ഷിക്കാൻ വരേണ്ടിവരും' എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിീൻ നെതന്യാഹുവും 'കുറ്റവാളികൾ' ആണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, തുടർന്നുള്ള ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് പ്രഖ്യാപിച്ചു.

ഇതിനിടെ ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ ഖമനയിയോടൊപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവായ അലി ഷീം ഖനിയും റവല്യൂഷണറി ഗാർഡ് മേധാവിയായ മൊഹമ്മദ് പാക് പോരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

മറുവശത്ത്, ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. സംഘർഷം ഇറാൻ രൂക്ഷമാക്കുകയാണെങ്കിൽ ഇതുവരെ കാണാത്ത ശക്തിയോടെ തിരിച്ചടിക്കുമെന്ന് അദ്ദേഹം തന്റെ സമൂഹമാധ്യമ കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, ഖമനയിയുടെ മരണത്തെത്തുടർന്ന് ഇറാനിൽ ആയിരക്കണക്കിന് ആളുകൾ അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തു. ഇസ്ഫഹാനിലെ ചരിത്രപ്രസിദ്ധമായ  നാക്ഷെ ജഹാൻ സ്‌ക്വയറിൽ വലിയ ജനക്കൂട്ടം ഒത്തുകൂടി ആദരാഞ്ജലി അർപ്പിച്ചു. ടെഹ്‌റാൻ ഉൾപ്പെടെ മറ്റ് നഗരങ്ങളിലും അനുസ്മരണങ്ങൾ നടന്നു. രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

മേഖലയിലെ സംഘർഷാവസ്ഥ തുടർന്നുകൊണ്ടിരിക്കെ ഇറാനിലെ നേതൃത്വത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും അതിന്റെ അന്താരാഷ്ട്ര പ്രതിഫലനങ്ങളും ലോകം ഉറ്റുനോക്കുകയാണ്.