ഇറാന്‍ ആകാശമാര്‍ഗം അടച്ചു; ഇന്ത്യയില്‍ നിന്ന് പോകുന്ന വിമാനങ്ങള്‍ വൈകുകയോ സര്‍വീസ് റദ്ദാക്കുകയോ ചെയ്യുന്നു

ഇറാന്‍ ആകാശമാര്‍ഗം അടച്ചു; ഇന്ത്യയില്‍ നിന്ന് പോകുന്ന വിമാനങ്ങള്‍ വൈകുകയോ സര്‍വീസ് റദ്ദാക്കുകയോ ചെയ്യുന്നു


ന്യൂഡല്‍ഹി: ഇറാനില്‍ യു.എസ് ആക്രമണ ഭീഷണിയും ആഭ്യന്തര പ്രതിഷേധങ്ങളും ശക്തമായതിനെ തുടര്‍ന്ന് രാജ്യം താല്‍ക്കാലികമായി തങ്ങളുടെ ആകാശപാത അടച്ചു. ഇതോടെ ഇറാനിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ വഴിമാറുകയോ റദ്ദാകുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായി. ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡേറ്റ പ്രകാരം നിരവധി വിമാനങ്ങള്‍ ഇറാനെ ഒഴിവാക്കി ദീര്‍ഘമായ മറ്റ് റൂട്ടുകളിലൂടെയാണ് ഇപ്പോള്‍ പറക്കുന്നത്.

ഈ തീരുമാനം ഇന്ത്യയിലെ വിമാന സര്‍വീസുകളളെയും നേരിട്ട് ബാധിച്ചു. ചില അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് വൈകലോ മാറ്റമോ ഉണ്ടാകാമെന്ന് ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമെങ്കില്‍ മാറ്റി ബുക്കിങ് ചെയ്യാനോ റീഫണ്ട് വാങ്ങാനോ കഴിയുമെന്നും കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യയും ചില വിമാനങ്ങള്‍ വഴിമാറി പറക്കുന്നതായും ചില സര്‍വീസുകള്‍ റദ്ദാക്കിയതായും വ്യക്തമാക്കി. ഇറാനിലൂടെയുള്ള റൂട്ടുകള്‍ ഒഴിവാക്കിയതുകൊണ്ട് യാത്രാസമയം കൂടാനും സാധ്യതയുണ്ടെന്ന് എയര്‍ ഇന്ത്യ മുന്നറിയിപ്പ് നല്‍കി.

 ഇറാനും ഇറാഖും ഉള്‍പ്പെടുന്ന ആകാശമാര്‍ഗങ്ങള്‍ 'കൂടുതല്‍ അറിയിപ്പ് വരുംവരെ' ഒഴിവാക്കുമെന്ന് ജര്‍മന്‍ എയര്‍ലൈന്‍ ലുഫ്താന്‍സ അടക്കം നിരവധി അന്താരാഷ്ട്ര വിമാന കമ്പനികളുംഅറിയിച്ചു. ചില വിമാനങ്ങള്‍ പുറപ്പെട്ടിടത്തേക്കുതന്നെ തിരിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനില്‍ സാമ്പത്തിക തകര്‍ച്ചയ്ക്കും മതാധിപത്യ ഭരണത്തിനുമെതിരായ ജനകീയ പ്രതിഷേധങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഈ അടച്ചുപൂട്ടല്‍. പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് യു.എസ് ഇടപെടല്‍ ഉണ്ടാകുമെന്ന ഭയം ശക്തമായത്. ട്രംപ് 'സഹായം വഴിയിലാണ് ' എന്ന് പറഞ്ഞത് ഈ ആശങ്കകള്‍ ഇരട്ടിയാക്കി.

ഇത്തരം സാഹചര്യത്തില്‍ വിദേശയാത്ര പോകുന്നവര്‍ അവരുടെ വിമാനത്തിന്റെ നില (ഫ്‌ലൈറ്റ് സ്റ്റാറ്റസ്) എയര്‍ലൈന്‍ വെബ്‌സൈറ്റുകളിലൂടെയോ ആപ്പുകളിലൂടെയോ പരിശോധിച്ച് ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.