യു എസ്- ഇറാന്‍ കരട് കരാറില്‍ എണ്ണ ഉപരോധ ഇളവ്, ആണവ നിയന്ത്രണങ്ങള്‍, മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കല്‍ ഉള്‍പ്പെട്ടതായി ഇറാന്‍

യു എസ്- ഇറാന്‍ കരട് കരാറില്‍ എണ്ണ ഉപരോധ ഇളവ്, ആണവ നിയന്ത്രണങ്ങള്‍, മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കല്‍ ഉള്‍പ്പെട്ടതായി ഇറാന്‍


തെഹ്‌റാന്‍: അമേരിക്കയുമായുള്ള ധാരണാപത്രത്തിന്റെ അന്തിമ കരടില്‍ ഇറാന്റെ ആണവ പദ്ധതികള്‍ മുതല്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ഇറാനുമേലുള്ള എണ്ണ ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്നതും ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. ഇരു രാജ്യങ്ങളും ധാരണയിലെത്തിയതിന് ശേഷം 60 ദിവസത്തിനുള്ളില്‍ അന്തിമ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്ക് വഴി എല്ലാ വാണിജ്യ കപ്പലുകള്‍ക്കും ഇറാന്‍ ഉടന്‍ ഗതാഗതം പുനഃസ്ഥാപിക്കും. അതേസമയം, ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ നാവിക ഉപരോധം അമേരിക്ക പിന്‍വലിക്കും.

അന്തിമ കരാറിലെത്തുന്നതുവരെ ഇറാനുമേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്ന് അമേരിക്ക സമ്മതിച്ചിട്ടുണ്ട്.

നിശ്ചിത കാലയളവിലേക്ക് ഇറാനുമേലുള്ള എണ്ണ ഉപരോധങ്ങളില്‍ ഇളവ് അനുവദിക്കുകയും ഇതുവഴി ഇറാന് എണ്ണ വില്‍ക്കാനും അതില്‍ നിന്നുള്ള വരുമാനം കൈപ്പറ്റാനും അവസരമൊരുക്കുകയും ചെയ്യും.

ഇറാന്റെ മരവിപ്പിച്ച 25 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ വിട്ടുനല്‍കാന്‍ അമേരിക്ക സമ്മതിച്ചിട്ടുണ്ട്. നേരിട്ടുള്ള പണമിടപാടുകള്‍, പ്രാദേശിക രാജ്യങ്ങളുടെ സഹകരണം, സാമ്പത്തിക വായ്പാ സംവിധാനങ്ങള്‍ എന്നിവ വഴിയായിരിക്കും ഇത് നടപ്പാക്കുക.

ആണവായുധങ്ങള്‍ നിര്‍മ്മിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കും.

അന്തിമ കരാറിലെത്തുന്നതുവരെ യൂറേനിയം സമ്പുഷ്ടീകരണം നടത്തുകയോ ആണവ സൗകര്യങ്ങള്‍ വികസിപ്പിക്കുകയോ ചെയ്യാതെ നിലവിലെ ആണവ സ്ഥിതി തുടരാന്‍ ഇറാന്‍ സമ്മതിച്ചിട്ടുണ്ട്.

ഇറാനിലെ ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം രാജ്യത്തിനുള്ളില്‍ തന്നെ നേര്‍പ്പിക്കാന്‍ അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ഇതിനുള്ള കൃത്യമായ സംവിധാനം സംബന്ധിച്ച ചര്‍ച്ചകള്‍ 60 ദിവസത്തിനുള്ളില്‍ നടക്കും. മധ്യപൗരസ്ത്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു കരാറിലും ലെബനനും ഉള്‍പ്പെടുമെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. മാര്‍ച്ച് രണ്ടിന് ഹിസ്ബുല്ല ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തിയതോടെയാണ് ലെബനനും സംഘര്‍ഷത്തിന്റെ ഭാഗമായത്. ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നടപടികളും സമാധാന കരാറിന്റെ ഭാഗമാകണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അമേരിക്ക- ഇറാന്‍ കരാറിന്റെ 'അന്തിമ രൂപീകരണം' അടുത്ത 24 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശനിയാഴ്ച അറിയിച്ചു. കരാറില്‍ ഇലക്ട്രോണിക് രീതിയില്‍ ഒപ്പുവെക്കുമെന്നും തുടര്‍ന്ന് അടുത്തയാഴ്ച സാങ്കേതികതല ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.