തെഹ്റാന്‍: ഇറാനിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ വാഷിങ്ടണ്‍ സൈനികമായി ഇടപെട്ടാല്‍ യു എസ് സൈനിക വാണിജ്യ താവളങ്ങളെ 'നിയമപരമായ ലക്ഷ്യങ്ങള്‍' ആയി കണക്കാക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.
അമേരിക്ക ഇറാനിലേക്കോ അധീന പ്രദേശങ്ങളിലേക്കോ സൈനിക നടപടി സ്വീകരിച്ചാല്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളും കപ്പല്‍ ഗതാഗത കേന്ദ്രങ്ങളും നിയമപരമായ ലക്ഷ്യങ്ങളായി കണക്കാക്കുമെന്നും ഒരു നടപടി നടന്നു കഴിഞ്ഞതിന് ശേഷം മാത്രം പ്രതികരിക്കണമെന്ന നിലപാട് തങ്ങള്‍ക്കില്ലെന്നും ഖാലിബാഫ് വ്യക്തമാക്കി.
ഇറാനില്‍ പ്രതിഷേധങ്ങള്‍ രണ്ടാഴ്ച കടന്ന സാഹചര്യത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ ശക്തമായ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ ഖാലിബാഫിന്റെ പരാമര്‍ശങ്ങള്‍. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ക്രൂരമായി ബലം പ്രയോഗിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇറാന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധക്കാര്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അമേരിക്ക ഇടപെടുമെന്നും, ഇറാനെ 'വേദനിക്കുന്നിടത്ത്' ശക്തമായി ആക്രമിക്കുമെന്നുമാണ് ട്രംപ് പറഞ്ഞത്.
'ഇറാന്‍ വലിയ പ്രതിസന്ധിയിലാണെന്ന്' ട്രംപ് വ്യക്തമാക്കി. മുന്‍കാലങ്ങളില്‍പോലെ അവര്‍ ആളുകളെ കൊല്ലാന്‍ തുടങ്ങുകയാണെങ്കില്‍ തങ്ങള്‍ ഇടപെടുമെന്നും അതൊരു കരസേനാ വിന്യാസമാകില്ലെന്നും അവരെ വേദനിക്കുന്നിടത്ത് ശക്തമായി പ്രഹരിക്കുമെന്നും അങ്ങനെ സംഭവിക്കാതിരിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖമനെയി ഭരണകൂടത്തിന് മുന്നില്‍ വെല്ലുവിളികള്‍ ഉയരുന്നുവെന്ന സൂചനയും ട്രംപ് നല്‍കി. സാമൂഹ്യ മാധ്യമത്തിലൂടെ ഇറാനിയന്‍ പ്രതിഷേധക്കാര്‍ക്ക് അമേരിക്കയുടെ പിന്തുണ അദ്ദേഹം ആവര്‍ത്തിച്ചു. ഇറാന്‍ ഇതുവരെ കാണാത്തവിധം സ്വാതന്ത്ര്യത്തെ നോക്കിക്കാണുകയാണെന്നും അമേരിക്ക സഹായിക്കാന്‍ തയ്യാറാണെന്നും ട്രംപ് കുറിച്ചു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ശനിയാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇറാനിലെ പ്രതിഷേധങ്ങള്‍ക്കൊപ്പം സിറിയയിലെയും ഗാസയിലെയും പുതിയ സംഭവവികാസങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. തുടര്‍ന്ന് ഇറാനിലെ ധീരരായ ജനങ്ങളെ അമേരിക്ക പിന്തുണക്കുന്നു എന്ന സന്ദേശവും റൂബിയോ പങ്കുവച്ചു.
ടെഹ്റാനിലെ വിപണികളില്‍ ചെറിയ പ്രകടനങ്ങളായി ആരംഭിച്ച പ്രതിഷേധങ്ങള്‍ ജീവിതച്ചെലവ് വര്‍ധനയും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും ഉയര്‍ത്തിയ ആശങ്കകളുടെ പശ്ചാത്തലത്തില്‍ വ്യാപകമായി മാറുകയായിരുന്നു. കനത്ത സുരക്ഷാ നടപടികളും സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനവും നിലനില്‍ക്കെയാണ് പ്രതിഷേധങ്ങള്‍ രണ്ടാഴ്ച കടന്നത്.
ആത്മീയ നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ നേതൃത്വത്തിലുള്ള ഭരണം അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ടെഹ്റാനിലെ തെരുവുകളില്‍ ഭരണവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നതിനിടെ ഇറാനിലെ മുന്‍ രാജാവായ മുഹമ്മദ് റേസ ഷായുടെ മകനും പ്രവാസത്തിലുള്ള കിരീടാവകാശിയുമായ റേസ പഹ്ലവി മടങ്ങിവരാനുള്ള സാധ്യത സൂചിപ്പിക്കുകയും പ്രതിഷേധങ്ങള്‍ തുടരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
എന്നാല്‍ 'ദേശീയ താത്പര്യങ്ങള്‍' സംരക്ഷിക്കുമെന്നും മേഖലയില്‍ ശത്രുസേനകളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇറാന്‍ സൈന്യം ശക്തമായ മുന്നറിയിപ്പ് നല്‍കിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
