തെഹ്റാന്‍: ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുവെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഖായി നിഷേധിച്ചു. ഇറാന്റെ വെടിനിര്‍ത്തല്‍ അഭ്യര്‍ഥനയെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനകള്‍ തെറ്റും അടിസ്ഥാനരഹിതവുമാണന്ന് ബഖായിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനം അവസാനിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തെഹ്റാന്‍ അമേരിക്കയോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുവെന്നാണ് യു എസ് പ്രസിഡന്റ് പറഞ്ഞത്. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇറാന്റെ പുതിയ ഭരണകൂടം മുന്‍ഗാമിയേക്കാള്‍ വളരെ ബുദ്ധിമാനും കുറച്ചു മാത്രം തീവ്രവാദിയുമാണെന്നാണ് ട്രംപ് കുറിച്ചത്. ഹോര്‍മുസ് കടലിടുക്ക് തുറക്കുകയും സ്വതന്ത്രമായി മാറുകയും ചെയ്യുമ്പോള്‍ മാത്രമേ വെടിനിര്‍ത്തല്‍ പരിഗണിക്കൂ എന്ന് വ്യക്തമാക്കിയതായും അതുവരെ യു എസ് 'സ്‌ഫോടനം' തുടരുമെന്നും ട്രംപ് പറഞ്ഞു.
ട്രംപ് ഇറാനെ ഉദ്ധരിച്ചതും പിന്നീട് അദ്ദേഹം തന്റെ അവകാശവാദങ്ങള്‍ നിഷേധിച്ചതും ഇതാദ്യമല്ല. നേരത്തെ, തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഇറാനിയന്‍ പവര്‍ പ്ലാന്റുകള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ എല്ലാ സൈനിക ആക്രമണങ്ങളും അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ യുദ്ധ വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ചര്‍ച്ചകളുടെ വിജയമാണിതെന്നും ട്രംപ് പറഞ്ഞത് തെഹ്റാന്‍ നിഷേധിക്കുക മാത്രമല്ല അത്തരം ഒരു സംഭാഷണവും നടന്നിട്ടില്ലെന്നും വ്യക്തമാക്കി. നേരിട്ടോ അല്ലാതെയോ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ഇസ്മയില്‍ ബഖെയ് പറയുകയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫ് ആവര്‍ത്തിക്കുകയും ചെയ്തു.
