തെഹ്റാന്‍: യുദ്ധം അവസാനിപ്പിക്കുന്നതിനും അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ പുന:രാരംഭിക്കുന്നതിനുമായി യു എസിന് മുന്നില്‍ ഏഴ് നിബന്ധനകള്‍ മുന്നോട്ടുവെച്ചതായി ഇറാന്‍. നിബന്ധനകള്‍ അംഗീകരിക്കാത്ത പക്ഷം നിര്‍ണായക യുദ്ധത്തിന് തയ്യാറാണെന്നും ഇറാന്‍ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി മൊഹ്സെന്‍ റെസായി മുന്നറിയിപ്പ് നല്‍കി.
ഖത്തര്‍ വഴി ഇറാന്റെ നിബന്ധനകള്‍ യു എസിന് കൈമാറിയിട്ടുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണെന്നും അല്‍ ജസീറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ റെസായി പറഞ്ഞു.
യുദ്ധം എല്ലാ മേഖലകളിലും അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ച ഫണ്ടുകള്‍ വിട്ടുനല്‍കുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്‍ മുന്നോട്ടുവച്ച പ്രധാന നിബന്ധനകളെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ നിബന്ധനകള്‍ അംഗീകരിക്കുന്നതിനാണ് വാഷിംഗ്ടണ്‍ താത്പര്യം പ്രകടിപ്പിക്കേണ്ടതെന്നും ടംപിന്റെ ഭീഷണികള്‍ക്ക് യാതൊരു ഫലവും ഉണ്ടാകില്ലെന്നും നിര്‍ണായക യുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്നും റെസായി പറഞ്ഞു.
അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് ഏഴ് നിബന്ധനകള്‍ മുന്നോട്ടുവച്ചതായി റെസായി എക്സിലെ പ്രത്യേക പോസ്റ്റിലും വ്യക്തമാക്കി. സംഘര്‍ഷത്തില്‍ കൂടുതല്‍ കുടുങ്ങുന്നത് ഒഴിവാക്കാനും നിലവിലെ പ്രതിസന്ധിയില്‍നിന്ന് പുറത്തുകടക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഇറാന്റെ അവകാശങ്ങളും നിബന്ധനകളും വാഷിംഗ്ടണ്‍ അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക വീണ്ടും ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ഇറാന്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും റെസായി അല്‍ ജസീറയോട് പറഞ്ഞു. ഇത്തരമൊരു ആക്രമണം വളരെ സജീവമായ സാധ്യതയാണെന്നും അദ്ദേഹം വിലയിരുത്തി.
ഇറാന്‍ സൈനിക ആസൂത്രണത്തില്‍ മാറ്റം വരുത്തിയതായും ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ നാവികസേനാ സംവിധാനങ്ങളിലാണ് ഇപ്പോള്‍ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും റെസായി പറഞ്ഞു.
അമേരിക്കന്‍ കപ്പലിനോ വിമാനവാഹിനിക്കപ്പലിനോ സമീപം ഇറാന്‍ അടുത്തിടെ ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പല്‍വിരുദ്ധ മിസൈല്‍ പരീക്ഷിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭാവിയില്‍ ഇറാനെതിരെ ആക്രമണമുണ്ടായാല്‍ അതിന് മറുപടിയായി മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളും അമേരിക്കന്‍ വാണിജ്യ താത്പര്യങ്ങളും ലക്ഷ്യമാക്കുമെന്നും റെസായി മുന്നറിയിപ്പ് നല്‍കി.
അതേസമയം, സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കുന്നതിന് നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണെന്നും റെസായി പറഞ്ഞു.
വാഷിംഗ്ടണും തെഹ്റാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുന:രാരംഭിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഖത്തറും പാകിസ്താനും പങ്കാളികളാണ്. നേരത്തെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് പുതിയ ചര്‍ച്ചകള്‍ക്ക് ശ്രമം നടക്കുന്നത്.
ആണവ വിഷയത്തില്‍ ഇറാന്‍ നിലവില്‍ ആണവായുധ വ്യാപനം തടയുന്നതിനുള്ള ഉടമ്പടിയായ എന്‍ പി ടിയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് റെസായി വ്യക്തമാക്കി.
എന്നാല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയോ ഇറാന്റെ ആണവ വിഷയം ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലിലേക്ക് വിടുകയോ ചെയ്താല്‍ അത്തരമൊരു നടപടി തെഹ്റാനെ എന്‍ പി ടിയില്‍നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി ധാരണയിലെത്താനുള്ള സാധ്യതയും ഇറാന്‍ തള്ളിക്കളയുന്നില്ലെന്ന് റെസായി പറഞ്ഞു. ധാരണയിലെത്തുന്നതിന് ഇരുപക്ഷവും ഒരു ചെറിയ ചുവട് മാത്രം അകലെയായിരുന്നുവെന്നും പിന്നീട് അത് മാറ്റിവെച്ചതായും അദ്ദേഹം വ്യക്തമാക്കി.
സംഘര്‍ഷത്തില്‍ അടുത്ത നീക്കം എന്തായിരിക്കണമെന്ന കാര്യത്തില്‍ വാഷിംഗ്ടണ്‍ ആലോചിക്കുന്നതിനിടെയാണ് ഇറാന്റെ പുതിയ നിലപാട്.
ഇറാനെതിരെ വലിയ തോതിലുള്ള സൈനിക നടപടി പുന:രാരംഭിക്കണമോ എന്നതില്‍ താന്‍ 'വലിയ തീരുമാനം' നേരിടുകയാണെന്ന് ട്രംപ് ഈ ആഴ്ച ആക്സിയോസിനോട് പറഞ്ഞു.
ഇറാന്‍ ഭരണകൂടത്തെ ആക്രമിച്ച് പൂര്‍ണമായി തകര്‍ക്കണോ, അതോ വേണ്ടയോ? എന്നതാണ് താന്‍ പരിഗണിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. lന്നില്‍ നിന്ന് എന്തും സംഭവിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
