തങ്ങളുടെ പ്രഹര പരിധിയിലെത്തിയാല്‍ യു എസ് എസ് അബ്രഹാം ലിങ്കണെ ലക്ഷ്യമിടുമെന്ന് ഇറാന്‍

തങ്ങളുടെ പ്രഹര പരിധിയിലെത്തിയാല്‍ യു എസ് എസ് അബ്രഹാം ലിങ്കണെ ലക്ഷ്യമിടുമെന്ന് ഇറാന്‍


തെഹ്‌റാന്‍: അമേരിക്കന്‍ വിമാനവാഹിനി കപ്പല്‍ യു എസ് എസ് അബ്രഹാം ലിങ്കണ്‍ തങ്ങളുടെ പ്രഹര പരിധിക്കുള്ളില്‍ എത്തിയാല്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ നാവികസേന ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി.

യു എസ് എസ് അബ്രഹാം ലിങ്കണ്‍ ഇപ്പോള്‍ ഗള്‍ഫ് മേഖലയിലാണുള്ളത്. ഇറാനെതിരായ അമേരിക്കന്‍ സൈനിക നീക്കങ്ങളില്‍ പങ്കുവഹിക്കുന്ന മുഖ്യ വിമാനവാഹിനി കപ്പലാണ് യു എസ് എസ് അബ്രഹാം ലിങ്കണ്‍. യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് പോലുള്ള മറ്റ് കപ്പലുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി പിന്മാറിയിരിക്കുന്ന സാഹചര്യത്തില്‍ വായു യുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാരം പ്രധാനമായും ലിങ്കണാണ് വഹിക്കുന്നത്.

യു എസ് എസ് അബ്രഹാം ലിങ്കണ്‍ തങ്ങളുടെ പ്രഹര പരിധിയില്‍ എത്തിയാല്‍ വിവിധ തരത്തിലുള്ള മിസൈലുകള്‍ പ്രയോഗിച്ച് വീരമൃത്യു വരിച്ചവരുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ നാവികസേന മേധാവി ഷഹ്‌റാം ഇറാനി ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു. മാര്‍ച്ച് 4ന് അമേരിക്ക മുക്കിയ ഇറാനിയന്‍ ഫ്രിഗേറ്റിനെ കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്.

ഇ്ന്ത്യന്‍ മഹാസമുദ്രത്തില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്തിനടുത്തുള്ള ഗാലെക്ക് സമീപം നടന്ന ആക്രമണത്തിലാണ് ഇറാനിയന്‍ കപ്പല്‍ മുങ്ങിയത്. 80 മുതല്‍ 87 വരെ നാവികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിലരെ രക്ഷപ്പെടുത്തിയതായും വിവരമുണ്ട്. 

ശത്രു ചര്‍ച്ചകളുടെ സന്ദേശങ്ങള്‍ അയക്കുമ്പോഴും രഹസ്യമായി ഭൂപ്രഹരത്തിനുള്ള തയ്യാറെടുപ്പിലാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖാലിബാഫ് പറഞ്ഞു. അമേരിക്കന്‍ സൈന്യം നിലത്തിറങ്ങുന്നത് തങ്ങളുടെ സേന കാത്തിരിക്കുകയാണെന്നും അവരെ പൂര്‍ണമായി തോല്‍പ്പിക്കുകയും പ്രാദേശിക സഖ്യങ്ങളെ ശിക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.