തെഹ്‌റാന്‍: യുദ്ധത്തില്‍ തകര്‍ന്ന എണ്ണ ശുദ്ധീകരണ, വിതരണ സൗകര്യങ്ങളില്‍ ഭൂരിഭാഗവും ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ശേഷിയുടെ 70- 80 ശതമാനമായി പുനഃസ്ഥാപിക്കാനാവുമെന്ന് ഇറാന്‍ പ്രതീക്ഷിക്കുന്നുവെന്ന് ഓയില്‍ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് സാദിഖ് അസിമിഫാര്‍ പറഞ്ഞു. ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ അധികൃതര്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായും ലാവന്‍ റിഫൈനറിയുടെ ഒരു ഭാഗം 10 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം പുന:രാരംഭിക്കുമെന്നും മറ്റ് യൂണിറ്റുകള്‍ ക്രമേണ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഓയില്‍ ഡെപ്യൂട്ടി മന്ത്രി അസിമിഫാര്‍ സ്റ്റുഡന്റ് ന്യൂസ് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുദ്ധസമയത്ത് ഇറാന്റെ എണ്ണ, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. യു എസ്- ഇസ്രായേല്‍ ആക്രമണങ്ങള്‍ തെഹ്റാന്റെ ഊര്‍ജ്ജ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കയറ്റുമതി കേന്ദ്രങ്ങള്‍, റിഫൈനറികള്‍, പെട്രോകെമിക്കല്‍ സൗകര്യങ്ങള്‍ എന്നിവയെയാണ് ബാധിച്ചത്.
ഇറാനിലെ പ്രധാന ക്രൂഡ് ഓയില്‍ കയറ്റുമതി ടെര്‍മിനലായ ഖാര്‍ഗ് ദ്വീപ് ആയിരുന്നു ഏറ്റവും സെന്‍സിറ്റീവ് ലക്ഷ്യങ്ങളിലൊന്ന്. അവിടെ യു എസ് ആക്രമണങ്ങള്‍ റഡാറുകളിലും സൈനിക കേന്ദ്രങ്ങളിലുമാണുണ്ടായത്. ദ്വീപ് പ്രവര്‍ത്തനരഹിതമാക്കുന്നത് ഒറ്റരാത്രികൊണ്ട് ഇറാന്റെ സമ്പദ്വ്യവസ്ഥയെ തളര്‍ത്തും എന്ന ആശങ്ക ഉയര്‍ത്തി. കാരണം എണ്ണയില്‍ നിന്നുള്ള വരുമാനമാണ് ഇറാന്റെ വരുമാനത്തിന്റെയും യുദ്ധകാല ധനസഹായത്തിന്റെയും പ്രധാന ഭാഗം.
യു എസ്- ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ തെഹ്റാനെ ചുറ്റിപ്പറ്റിയുള്ള എണ്ണ ഡിപ്പോകളിലും കേന്ദ്രീകരിച്ചു. തീപിടുത്തങ്ങള്‍, വിഷ പുക, ഇന്ധനവും പെട്രോകെമിക്കലുകളും കത്തിക്കുന്നത് മൂലമുണ്ടാകുന്ന 'കറുത്ത മഴ' തുടങ്ങിയവയ്ക്ക് കാരണമായി. ആക്രമണങ്ങള്‍ സംഭരണ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും പേര്‍ഷ്യന്‍ ഗള്‍ഫിലുടനീളമുള്ള എണ്ണ ചോര്‍ച്ചയെയും പാരിസ്ഥിതിക തകര്‍ച്ചയെയും കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു.
