യു എസിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കുകയാണെന്ന് ഇറാന്‍

യു എസിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കുകയാണെന്ന് ഇറാന്‍


തെഹ്‌റാന്‍: പാകിസ്ഥാനില്‍ നടന്ന ചര്‍ച്ചകളില്‍ ഫലമില്ലാത്തതിന് പിന്നാലെ ഇസ്ലാമാബാദ് വഴി അമേരിക്ക സമര്‍പ്പിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ പുനഃപരിശോധിക്കുകയാണെന്ന് ഇറാന്‍ പറഞ്ഞു. മറ്റ് പ്രതികരണങ്ങളൊന്നും ഇറാന്‍ നടത്തിയില്ല. 

തെഹ്‌റാനിലെ പാകിസ്ഥാന്‍ ആര്‍മി കമാന്‍ഡര്‍ മധ്യസ്ഥനും ഇടനിലക്കാരനുമായി അമേരിക്ക പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടെന്നും നിലവില്‍ ഇറാന്‍ അവ അവലോകനം ചെയ്യുകയാണെന്നും ഇതുവരെ അവയോട് പ്രതികരിച്ചിട്ടില്ലെന്നും ഇറാന്റെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ ചര്‍ച്ചാ പ്രതിനിധി സംഘം ഇറാന്റെ താത്പര്യങ്ങള്‍ എല്ലാ ശക്തിയോടെയും സംരക്ഷിക്കുമെന്നും  പ്രസ്താവനയില്‍ പറയുന്നു.

തെഹ്റാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി പ്രഖ്യാപിച്ചതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് അവര്‍ക്ക് തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു.

ഇറാനിയന്‍ തുറമുഖങ്ങള്‍ അമേരിക്ക ഉപരോധിക്കുന്നത് തുടരുന്നതിനാലാണ് ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടക്കുന്നതെന്ന് ഐആര്‍ജിസി അറിയിച്ചു.

അമേരിക്കയുടെ ഓരോ വാഗ്ദാന ലംഘനത്തിനും ഉചിതമായ മറുപടി ലഭിക്കുമെന്നും ഇറാനിയന്‍ ഉത്ഭവത്തില്‍ നിന്ന് ഇറാനിയന്‍ ലക്ഷ്യസ്ഥാനത്തേക്ക് കപ്പലുകള്‍ കടന്നുപോകുന്നത് ഭീഷണിയിലായിരിക്കുന്നിടത്തോളം ഹോര്‍മുസ് കടലിടുക്കിന്റെ നില അതിന്റെ പഴയ അവസ്ഥയില്‍ തന്നെ തുടരുമെന്നും ഐ ആര്‍ ജി സി പറഞ്ഞു.

ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷന്‍ തലവന്‍ ഇബ്രാഹിം അസീസിയും അമേരിക്കയെ പരിഹസിച്ചുകൊണ്ട് പ്രതികരിച്ചു. തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും അവ അവഗണിക്കുകയായിരുന്നുവെന്നും ഹോര്‍മുസ് കടലിടുക്ക് പഴയ അവസ്ഥയിലേക്ക് മടങ്ങുന്നത് ആസ്വദിക്കൂ എന്നുമാണ് ഇബ്രാഹിം അസീസി പറഞ്ഞത്.