ഇസ്‌ലാമാബാദ്: ഖത്തറില്‍ തടഞ്ഞുവെച്ചിരുന്ന ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കാന്‍ അമേരിക്ക സമ്മതിച്ചതായി ഇറാനും ഇക്കാര്യം നിഷേധിച്ച് വൈറ്റ് ഹൗസും. ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഖത്തറിലും മറ്റ് വിദേശ ബാങ്കുകളിലും തടഞ്ഞുവെച്ചിരുന്ന ഇറാന്റെ സാമ്പത്തിക ആസ്തികള്‍ വിട്ടുനല്‍കാന്‍ അമേരിക്ക സമ്മതിച്ചതെന്ന് ഇറാനിലെ മുതിര്‍ന്ന വൃത്തങ്ങള്‍ അറിയിച്ചത്. വാഷിംഗ്ടണുമായി കരാറിലെത്താനുള്ളതിന്റെ അടയാളമായാണ് ഈ നീക്കത്തെ ഇറാന്‍ വിലയിരുത്തുന്നത്.
പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഒരു മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ ആസ്തികള്‍ അണ്‍ഫ്രീസ് ചെയ്യുന്നത് ഹോര്‍മൂസ് കടലിടുക്ക് വഴി സുരക്ഷിത ഗതാഗതം ഉറപ്പാക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്ന് വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയം ചര്‍ച്ചകളില്‍ പ്രധാന അജണ്ടയാകുമെന്നാണു സൂചന.
എന്നാല്‍, അമേരിക്ക അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നു വൈറ്റ് ഹൗസ് അധികൃതര്‍ വ്യക്തമാക്കുന്നു.
വിട്ടുനല്‍കാന്‍ സമ്മതിച്ച ആസ്തികളുടെ മൂല്യം സംബന്ധിച്ച് ആദ്യം വ്യക്തതയുണ്ടായില്ലെങ്കിലും ഏകദേശം 6 ബില്യണ്‍ ഡോളര്‍ വിട്ടുനല്‍കാനാണ് അനുമതിയെന്നും മറ്റൊരു ഇറാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം വിഷയത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഉടന്‍ പ്രതികരിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2018-ല്‍ ആദ്യമായി ഫ്രീസ് ചെയ്ത ആറു ബില്യണ്‍ ഡോളര്‍ 2023-ല്‍ അമേരിക്ക- ഇറാന്‍ തടവുകാരുടെ കൈമാറ്റ കരാറിന്റെ ഭാഗമായി വിട്ടുനല്‍കേണ്ടതായിരുന്നു. എന്നാല്‍ 2023 ഒക്ടോബര്‍ 7-ന് ഇറാന്റെ കൂട്ടാളിയായ ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടം വീണ്ടും ഫ്രീസ് ചെയ്യുകയായിരുന്നു. അന്ന് അമേരിക്കന്‍ അധികൃതര്‍ ഈ പണം ഇറാന് ഉടന്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും ആവശ്യമെങ്കില്‍ അക്കൗണ്ട് പൂര്‍ണ്ണമായും വീണ്ടും ഫ്രീസ് ചെയ്യാനുള്ള അവകാശം വാഷിംഗ്ടണിനുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
ഇറാന്‍ ദക്ഷിണ കൊറിയയിലേക്ക് നടത്തിയ എണ്ണ വില്‍പ്പനയില്‍ നിന്നുള്ള വരുമാനമാണിത്. 2018-ല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരായ ഉപരോധങ്ങള്‍ വീണ്ടും നടപ്പിലാക്കുകയും ആണവ കരാര്‍ റദ്ദാക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഈ തുക ദക്ഷിണ കൊറിയയിലെ ബാങ്കുകളില്‍ തടഞ്ഞുവെക്കപ്പെട്ടിരുന്നു.
2023 സെപ്റ്റംബറില്‍ ദോഹയുടെ മധ്യസ്ഥതയില്‍ നടന്ന അമേരിക്ക- ഇറാന്‍ തടവുകാരുടെ കൈമാറ്റ കരാറിന്റെ ഭാഗമായി ഈ തുക ഖത്തറിലെ ബാങ്കുകളിലേക്ക് മാറ്റി. കരാറിന്റെ ഭാഗമായി ഇറാനില്‍ തടവിലായിരുന്ന അഞ്ച് അമേരിക്കന്‍ പൗരന്മാരെയും അമേരിക്കയില്‍ തടവിലായിരുന്ന അഞ്ച് ഇറാനിയന്‍ പൗരന്മാരെയും വിട്ടയച്ചു.
അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അന്ന് വ്യക്തമാക്കിയതുപോലെ, ഈ പണം ഭക്ഷണം, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവ പോലുള്ള മാനവീയ ആവശ്യങ്ങള്‍ക്കായി മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കൂ. യുഎസ് ട്രഷറിയുടെ മേല്‍നോട്ടത്തില്‍ അംഗീകൃത വിതരണക്കാര്‍ക്ക് വഴിയാണ് ഈ ചെലവുകള്‍ നടത്തേണ്ടത്.
