ബ്രിട്ടന്റേത് 'തെറ്റായ ദിശയിലെ അന്വേഷണമെന്ന് ഇറാന്‍

ബ്രിട്ടന്റേത് 'തെറ്റായ ദിശയിലെ അന്വേഷണമെന്ന് ഇറാന്‍


ലണ്ടന്‍: ബ്രിട്ടനിലെ ആര്‍ എ എഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തിന് സമീപമുണ്ടായ സുരക്ഷാ സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ പരാമര്‍ശം തള്ളി ഇറാന്‍. ബ്രിട്ടന്‍ തെറ്റായ ദിശയിലാണ് അന്വേഷിക്കുന്നത് എന്നായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുടെ പ്രതികരണം.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പേരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു അറാഖ്ചിയുടെ പരിഹാസം. വിദേശ രാജ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന തീവ്രവാദികളെ വിട്ടയച്ചത് തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ടെന്നും നിങ്ങള്‍ തെറ്റായ ദിശയിലാണ് അന്വേഷിക്കുന്നതെന്നും അറാഖ്ചി എക്‌സില്‍ കുറിച്ചു. 

ആര്‍ എ എഫ് ഫെയര്‍ഫോര്‍ഡ് സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്നതിന് ശക്തമായ സൂചനകളുണ്ട് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പറഞ്ഞത്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പേരും ലണ്ടന്‍ സ്വദേശികളായ ബ്രിട്ടീഷ് പൗരന്മാരും 20കളിലുള്ളവരുമാണ്. സംശയാസ്പദമായ മൂന്ന് വെള്ള വാനുകള്‍ ആര്‍ എ എഫ് ഫെയര്‍ഫോര്‍ഡിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഞായറാഴ്ച ഇവരെ അറസ്റ്റ് ചെയ്തത്. സ്‌ഫോടകവസ്തു സംബന്ധമായ കുറ്റങ്ങളും തീവ്രവാദ പ്രവര്‍ത്തനത്തിന് തയ്യാറെടുത്തുവെന്ന സംശയവുമായിരുന്നു അറസ്റ്റിന് പിന്നില്‍. പിന്നീട് ഇവരെ കര്‍ശന വ്യവസ്ഥകളോടെ പോലീസ് ജാമ്യത്തില്‍ വിടുകയായിരുന്നു. 

വാനുകളില്‍ ഇന്ധനം കണ്ടെത്തിയെങ്കിലും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രതികളെ ജാമ്യത്തില്‍ വിട്ടത് അന്വേഷണം അവസാനിച്ചതായി അര്‍ഥമാക്കുന്നില്ലെന്നും ബ്രിട്ടീഷ് ഭീകരവിരുദ്ധ പൊലീസ് അറിയിച്ചു. വിദേശരാജ്യത്തിന്റെ നിര്‍ദേശപ്രകാരം പ്രതികള്‍ അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവിധ സാധ്യതകളാണ് പരിശോധിക്കുന്നത്. 

സംഭവത്തില്‍ ഇറാന് പങ്കുണ്ടെന്ന ആരോപണം ലണ്ടനിലെ ഇറാന്‍ എംബസി ശക്തമായി നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമായ ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് ഇറാന്റെ നിലപാട്. 

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയും സംഭവത്തില്‍ ഒരു വിദേശ ശക്തിയുടെ ഇടപെടല്‍ വ്യക്തമായി ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ചു. താന്‍ അങ്ങനെ ചെയ്യുമായിരുന്നില്ല എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. 

അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന ആര്‍ എ എഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളം ഗ്ലോസ്റ്റര്‍ഷെയറിലാണ് സ്ഥിതി ചെയ്യുന്നത്. ഇറാനെതിരായ അമേരിക്കന്‍ സൈനിക നടപടികളുമായി ബന്ധപ്പെട്ട് അടുത്തിടെ ഈ താവളം ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതാണ് സംഭവത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. 

അറസ്റ്റിലായവര്‍ക്കെതിരെ നിലവില്‍ കുറ്റം തെളിഞ്ഞിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കി.