ഹോര്‍മുസില്‍ ഉപരോധം തുടര്‍ന്ന് അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ വെടിനിര്‍ത്തല്‍ ലംഘനമായി കണക്കാക്കുമെന്ന് ഇറാന്‍

ഹോര്‍മുസില്‍ ഉപരോധം തുടര്‍ന്ന് അരക്ഷിതാവസ്ഥ സൃഷ്ടിച്ചാല്‍ വെടിനിര്‍ത്തല്‍ ലംഘനമായി കണക്കാക്കുമെന്ന് ഇറാന്‍


തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലെ യു എസ് ഉപരോധം തുടരുകയും ഇറാന്റെ വാണിജ്യ കപ്പലുകള്‍ക്കും എണ്ണ ടാങ്കറുകള്‍ക്കും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്താല്‍ അത് വെടിനിര്‍ത്തല്‍ ലംഘനമായി കണക്കാക്കുമെന്നും പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍, ചെങ്കടല്‍ എന്നിവയിലൂടെയുള്ള എല്ലാ വ്യാപാരവും തടയുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ നടത്തിയ പ്രസ്താവനയിലാണ് സായുധ സേനയെ ഏകോപിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തന കമാന്‍ഡായ ഇറാന്റെ ഖതം അല്‍-അന്‍ബിയ സെന്‍ട്രല്‍ ആസ്ഥാനത്തിന്റെ കമാന്‍ഡര്‍ അലി അബ്ദുള്ളാഹി മുന്നറിയിപ്പ് നല്‍കിയത്. 

പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ കടല്‍, ചെങ്കടല്‍ എന്നിവിടങ്ങളില്‍ കയറ്റുമതിയോ ഇറക്കുമതിയോ തുടരാന്‍ ഇറാന്റെ സായുധ സേന അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പില്‍ പറഞ്ഞു. 

ചെങ്കടല്‍ ഉപരോധിക്കുന്നതിന് യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതരെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

തെഹ്റാന്റെ ഭീഷണിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ജലാശയങ്ങള്‍ വിശാലമായ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഏതൊക്കെ രാജ്യങ്ങളുടെ കയറ്റുമതിയെയും ഇറക്കുമതിയെയും ഇത് ബാധിക്കുമെന്ന് അബ്ദുള്ളഹി വ്യക്തമാക്കിയിട്ടില്ല.

ഇറാന്‍ തുറമുഖങ്ങളുടെ യു എസ് ഉപരോധം തിങ്കളാഴ്ച ആരംഭിച്ചു. ആദ്യ 24 മണിക്കൂറിനുള്ളില്‍ ഒരു കപ്പലും ഉപരോധം മറികടന്നില്ലെന്ന് യു എസ് സൈന്യം പറഞ്ഞു. കൂടാതെ ആറ് വ്യാപാര കപ്പലുകള്‍ ഒമാന്‍ ഉള്‍ക്കടലില്‍ നിന്നും മടങ്ങാന്‍ നിര്‍ബന്ധിതരായി.

ഇറാനും യു എസും ഇസ്രായേലും തമ്മിലുള്ള ആറ് ആഴ്ചത്തെ സംഘര്‍ഷത്തിന് ശേഷം ഏപ്രില്‍ എട്ടിനാണ് യു എസ്- ഇറാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

ഇറാനും യു എസും തമ്മിലുള്ള ആദ്യ റൗണ്ട് ചര്‍ച്ചകള്‍ പാകിസ്ഥാനില്‍ നടന്നെങ്കിലും ഫലം കണ്ടില്ല. എങ്കിലും യു എസ്- ഇറാന്‍ ചര്‍ച്ചകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ഇറാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.