തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ യുദ്ധത്തിന് വിരാമമിടാന്‍ ഇറാനും അമേരിക്കയും തമ്മില്‍ ഉണ്ടായ ധാരണയെ അമേരിക്കയുടെ പരാജയ പ്രഖ്യാപനം എന്ന് വിശേഷിപ്പിച്ച് ഇറാന്‍. ഇസ്ലാമാബാദ് ധാരണ സമ്മര്‍ദ്ദത്തിന്റെയോ നിര്‍ബന്ധത്തിന്റെയോ ഫലമല്ലെന്നും മറിച്ച് ധീരരായ ഇറാനിയന്‍ ജനതയുടെ പ്രതിരോധത്തിന്റെയും ശക്തിയുടെയും വിജയമാണെന്നും ഇറാനിയന്‍ ചര്‍ച്ചാ സംഘത്തിന്റെ തലവന്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് അസര്‍ബൈജാനില്‍ നടന്ന സമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം ഇറാനിയന്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു.
പശ്ചിമേഷ്യയിലെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം മേഖലാ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്തിന്റെ രാഷ്ട്രീയ- സുരക്ഷാ ക്രമീകരണങ്ങള്‍ മേഖലാ രാജ്യങ്ങള്‍ തന്നെ നിര്‍ണയിക്കണമെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. പരസ്പര സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഖാലിബാഫ് ഊന്നിപ്പറഞ്ഞു.
