ടെഹ്‌റാന്‍ : രാജ്യവ്യാപകമായി പടര്‍ന്നുപിടിച്ച പ്രതിഷേധങ്ങള്‍ക്കിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമനെയി ആദ്യമായി പരസ്യമായി പ്രതികരിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ ശക്തികള്‍, പ്രത്യേകിച്ച് അമേരിക്ക, ശ്രമിക്കുന്നുവെന്ന് ആരോപിച്ച ഖാമനെയി, യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പ്രതിഷേധക്കാര്‍ വിദേശ ശക്തികളെ സന്തോഷിപ്പിക്കാന്‍ സ്വന്തം രാജ്യത്തെ തെരുവുകള്‍ നശിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമീപകാല പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്ത് ഇന്റര്‍നെറ്റ് ബന്ധം വ്യാപകമായി തടസ്സപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖാമനെയിയുടെ പ്രസംഗം. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ 'അഹങ്കാരിയായ നേതാവ്' എന്ന് വിശേഷിപ്പിച്ച ഖാമനെയി, ഇറാനികളുടെ രക്തം അദ്ദേഹത്തിന്റെ കൈകളില്‍ ഉണ്ടെന്ന ആരോപണവും ഉന്നയിച്ചു. ട്രംപ് രാഷ്ട്രീയമായി തകര്‍ന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ ശക്തികളുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്നവരെ 'വാടകക്കാരായി' വിശേഷിപ്പിച്ച ഖാമനെയി, അത്തരക്കാരെ ഇസ്‌ലാമിക റിപ്പബ്ലിക് ഒരിക്കലും സഹിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഐക്യവും സംരക്ഷിക്കേണ്ടത് ഓരോ ഇറാനിയന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
'മറ്റൊരു രാജ്യത്തെ സന്തോഷിപ്പിക്കാന്‍ സ്വന്തം നാടിനെ തകര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണ് ' എന്ന കടുത്ത പരാമര്‍ശവും ഖാമനെയി നടത്തി. അമേരിക്ക ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണെന്ന് ആരോപിച്ച അദ്ദേഹം, ട്രംപിനോട് സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.
'ഇസ്‌ലാമിക റിപ്പബ്ലിക് ആയിരക്കണക്കിന് രക്തസാക്ഷികളുടെ ത്യാഗത്തിലാണ് നിലകൊള്ളുന്നത്. അത്തരം ഒരു രാഷ്ട്രം കലാപകാരികള്‍ക്ക് മുന്നില്‍ മടങ്ങില്ല' എന്ന മുന്നറിയിപ്പോടെയാണ് ഖാമനെയി പ്രസംഗം അവസാനിപ്പിച്ചത്.
'ഇറാനില്‍ ഇടപെടരുത്; സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കൂ; ട്രംപിന് ഖാമനെയിയുടെ കടുത്ത മുന്നറിയിപ്പ്
