ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയെന്ന് ഇറാന്‍; ആക്രമണം താല്‍ക്കാലികമായി നിര്‍ത്തി യു എസ്

ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരോഗതിയെന്ന് ഇറാന്‍; ആക്രമണം താല്‍ക്കാലികമായി നിര്‍ത്തി യു എസ്


തെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒമാനുമായി നടത്തിയ ചര്‍ച്ചകളില്‍ പുരോഗതി കൈവരിച്ചതായി ഇറാന്‍ അറിയിച്ചു. കടലിടുക്കിന്റെ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളായ ഇറാനും ഒമാനും തമ്മിലുള്ള ചര്‍ച്ചകള്‍ അനുകൂല ദിശയിലാണെന്ന് ഇറാന്‍ വ്യക്തമാക്കി.

ജൂണില്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ഒപ്പുവെച്ച ധാരണാപത്രത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം താത്ക്കാലികമായി ശമിച്ചിരുന്നെങ്കിലും ഹോര്‍മുസ് കടലിടുക്കിന്മേലുള്ള തെഹ്‌റാന്റെ നിയന്ത്രണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്ക വീണ്ടും ഇറാനെതിരെ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെയാണ് പുതിയ ചര്‍ച്ചകള്‍ നടന്നത്.

ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഖാഈയുടെ നേതൃത്വത്തില്‍ തെഹ്‌റാനില്‍ ഇറാനും ഒമാനും തമ്മിലുള്ള ഉപവിദേശകാര്യ മന്ത്രിതല ചര്‍ച്ചകള്‍ നിരവധി ഘട്ടങ്ങളിലായി നടന്നതായി അധികൃതര്‍ അറിയിച്ചു.

കടലിടുക്കിലൂടെ കപ്പലുകളുടെ സുരക്ഷിത സഞ്ചാരം ഉറപ്പാക്കുന്നതിനുള്ള പൊതുതത്വങ്ങളും പ്രായോഗിക സംവിധാനങ്ങളും അതോടൊപ്പം ഇരു രാജ്യങ്ങളുടെയും പരമാധികാര അവകാശങ്ങള്‍ മാനിക്കുന്ന രീതികളും ചര്‍ച്ചകളുടെ പ്രധാന വിഷയമായിരുന്നുവെന്ന് ബഖാഈ പറഞ്ഞു.

ചര്‍ച്ചകള്‍ 'പ്രയോജനകരമായിരുന്നു' എന്നും കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവും രാഷ്ട്രീയപരവുമായ കൂടിയാലോചനകള്‍ ഇരു രാജ്യങ്ങളും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണില്‍ ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളില്‍ നിന്ന് സേവനനിരക്ക് ഈടാക്കുന്ന വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് ഇറാനും ഒമാനും അറിയിച്ചിരുന്നു. ഈ നീക്കത്തെ അമേരിക്ക എതിര്‍ത്തിരുന്നു. അതേസമയം, ഒമാന്റെ സമുദ്രമേഖലയിലൂടെ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് ഉപയോഗിക്കാമെന്ന് മസ്‌കത്ത് വ്യക്തമാക്കിയതോടെ തെഹ്‌റാന്‍ അതൃപ്തി പ്രകടിപ്പിക്കുകയും തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് പിന്നാലെ ശനിയാഴ്ച വരെ പുതിയ അമേരിക്കന്‍ ആക്രമണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇറാന്‍ അറിയിച്ചു.

അതേസമയം, ആക്‌സിയോസ് വാര്‍ത്താ വെബ്സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം തുടര്‍ച്ചയായ 14-ാം രാത്രിയിലും ആക്രമണം തുടരാനുള്ള പദ്ധതി അമേരിക്കന്‍ പ്രതിരോധ വകുപ്പ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമര്‍പ്പിച്ചിരുന്നെങ്കിലും പുതിയ നയതന്ത്ര ചര്‍ച്ചകള്‍ക്ക് അവസരം നല്‍കുന്നതിനായി അദ്ദേഹം അതിന് അനുമതി നല്‍കിയില്ല. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള പുതിയ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഒമാന്‍ പ്രതിനിധിസംഘം തെഹ്‌റാനിലെത്തിയതിനെ തുടര്‍ന്നാണ് ആക്രമണം താത്ക്കാലികമായി നിര്‍ത്താന്‍ ട്രംപ് നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ നിലവിലെ സാഹചര്യത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ബഖാഈ വ്യക്തമാക്കി.