സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ പുതിയ ചര്‍ച്ചാ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്

സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ പുതിയ ചര്‍ച്ചാ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്


തെഹ്‌റാന്‍: അമേരിക്കയുമായുള്ള സംഘര്‍ഷം ശമിപ്പിക്കാന്‍ പുതിയ ചര്‍ച്ചാ നിര്‍ദേശം ഇറാന്‍ പാകിസ്ഥാന് കൈമാറിയതായി രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് ഈ നിര്‍ദേശം കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഗോള എണ്ണവിലയില്‍ ഇടിവുണ്ടായി. 

ഹോര്‍മുസ് കടലിടുക്ക് ഉപരോധം ലോകത്തെ എണ്ണ- വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനം ബാധിച്ചിരിക്കുകയാണ്. അതേസമയം, അമേരിക്കന്‍ നാവികസേന ഇറാനിയന്‍ ക്രൂഡ് ഓയില്‍ കയറ്റുമതി തടയുന്നത് ഊര്‍ജവില വര്‍ധനക്കും സാമ്പത്തിക അനിശ്ചിതത്വത്തിനും കാരണമായി. 

സമാധാന വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഇറാനെ ചര്‍ച്ചകളിലേക്ക് നിര്‍ബന്ധിക്കാന്‍ പുതിയ സൈനികാക്രമണങ്ങള്‍ക്ക് അമേരിക്ക തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 

ഇതിനിടെ, ആക്രമണം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇറാന്‍ സജ്ജമാണെന്ന് സൂചന. കുറഞ്ഞ സമയത്തേക്കുള്ള ശക്തമായ അമേരിക്കന്‍ ആക്രമണത്തിനും തുടര്‍ന്ന് ഇസ്രയേല്‍ ഇടപെടലിനും സാധ്യതയുണ്ടെന്നാണ് ഇറാന്‍ വിലയിരുത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമേരിക്കയുമായി ചര്‍ച്ചകള്‍ ഇറാന്‍ ഒരിക്കലും നിര്‍ത്തിയിട്ടില്ലെന്നും തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പക്ഷേ അതിനെ തങ്ങള്‍ ഭയക്കുന്നുമില്ലെന്നും തങ്ങളുടെ മാന്യതയ്ക്ക് ഭീഷണി നേരിട്ടാല്‍ അതിനായി പോരാടുംമെന്നും ഇറാന്‍ ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈന്‍ മുഹ്‌സിന്‍ എജെയ് എന്നും  വ്യക്തമാക്കി.

സംഭാഷണത്തിന് ഇറാന്‍ എപ്പോഴും പിന്തുണ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നയതന്ത്രം തര്‍ക്കശേഷിയുടെയും യുക്തിയുടെയും അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മര്‍ദ്ദത്തിലൂടെയുള്ള ചര്‍ച്ചകള്‍ ഇറാന്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആക്രമണങ്ങളും ഭീഷണികളും വഴി ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കാത്തവര്‍ക്ക് ചര്‍ച്ചാ മേശയിലും നിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അമേരിക്കക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഇറാന്‍ തയ്യാറെടുക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. യുദ്ധക്കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.