തെഹ്‌റാന്‍: ഇറാനുമായ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയെന്ന ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ നിരാകരിച്ച് ഇറാന്‍. അത്തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് ഇറാന്റെ ഭാഷ്യം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി അമേരിക്കയും ഇറാനും തമ്മില്‍ വിശദവും നിര്‍മാണാത്മകവുമായ സംഭാഷണങ്ങള്‍ നടത്തിയെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. ഈ ചര്‍ച്ചകളുടെ 'ഭാവവും ശൈലിയും' പരിഗണിച്ചാണ് ഇറാനിലെ വൈദ്യുതി നിലയങ്ങളും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടുള്ള അമേരിക്കന്‍ ആക്രമണങ്ങള്‍ അഞ്ചുദിവസത്തേക്ക് മാറ്റിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഇറാന്റെ വിദേശകാര്യ മന്ത്രാലയം ഈ അവകാശവാദം തള്ളി. തെഹ്‌റാനും വാഷിംഗ്ടണും തമ്മില്‍ യാതൊരു ചര്‍ച്ചകളും നിലവില്‍ നടക്കുന്നില്ലെന്ന് അവര്‍ അറിയിച്ചു. മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്ത പ്രസ്താവനയില്‍ ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഊര്‍ജ്ജ വിപണികളെ സ്വാധീനിക്കാനും സമയം നേടാനും ഉള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചു.
ഇതിനുപുറമെ, ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി ബന്ധമുള്ള ഫാര്‍സ് ന്യൂസ് ഏജന്‍സി ട്രംപുമായി നേരിട്ടോ പരോക്ഷമായോ യാതൊരു ബന്ധവും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ്ഒരു ഇറാനിയന്‍ വൃത്തവും യാതൊരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ചു.
ഐ ആര്‍ ജി സിയുമായി ബന്ധപ്പെട്ട മറ്റൊരു മാധ്യമമായ തന്‍സിം ന്യൂസ് ഏജന്‍സിയും ഒരു മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇപ്പോഴും ഒന്നും നടക്കുന്നതുമില്ലെന്നും റിപ്പോര്‍ട്ട് ചെയ്തു. ആവശ്യമായ പ്രതിരോധ ശേഷി കൈവരിക്കുന്നതുവരെ ഇറാന്‍ പ്രതിരോധ നടപടികള്‍ തുടരുമെന്ന് ഇടനിലക്കാരിലൂടെ അറിയിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രാദേശിക സംഘര്‍ഷം കുറയ്ക്കാന്‍ ചില രാജ്യങ്ങള്‍ മധ്യസ്ഥതയ്ക്ക് ശ്രമിച്ചതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചെങ്കിലും തങ്ങള്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അത്തരം ശ്രമങ്ങള്‍ വാഷിംഗ്ടണിലേക്കാണ് തിരിക്കേണ്ടതെന്നും തെഹ്‌റാന്‍ നിലപാട് ആവര്‍ത്തിച്ചു.
