ടെഹ്‌റാന്‍: ഇറാനിലുടനീളം വ്യാപകമായി പടരുന്ന പ്രതിഷേധം കൂടുതല്‍ അക്രമസ്വഭാവത്തിലേക്ക് മാറുന്നു. തെക്കന്‍ നഗരമായ ഫാസയില്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ ഓഫീസ് ആക്രമിക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. നീതിന്യായ മന്ത്രാലയത്തിന്റെ മിസാന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടു പ്രകാരം, ബുധനാഴ്ച (ഡിസംബര്‍ 31) ഒരു കൂട്ടം പ്രതിഷേധക്കാര്‍ ഗവര്‍ണറുടെ ഓഫീസ് കെട്ടിടത്തിന്റെ വാതിലും ഗ്ലാസുകളും തകര്‍ത്തു. പൊലീസ് ഇടപെട്ടതോടെ നാലുപേരെ അറസ്റ്റ് ചെയ്തതായും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ഫാസ ജുഡീഷ്യറി മേധാവി ഹാമദ് ഒസ്‌തോവര്‍ പറഞ്ഞു.
അതേസമയം, വ്യാഴാഴ്ച (ജനുവരി 1) ലൊറെസ്റ്റാന്‍ പ്രവിശ്യയിലെ കൂഹ്ദഷ്ട് നഗരത്തില്‍ അക്രമത്തിനിടെ ഇറാന്റെ പരാമിലിട്ടറി സംഘടനയായ ബസിജിലെ 21 വയസ്സുള്ള സന്നദ്ധസേനാംഗം കൊല്ലപ്പെട്ടതായി പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു. പൊതുസമാധാനം സംരക്ഷിക്കുന്നതിനിടെ കലാപകാരികളുടെ ആക്രമണത്തിലാണ് മരണമെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ സയീദ് പൂരാലിയെ ഉദ്ധരിച്ച് ഔദ്യോഗിക ടെലഗ്രാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണ് പ്രതിഷേധങ്ങള്‍ക്ക് ആക്കം കൂട്ടിയത്. 2025 ഡിസംബറില്‍ ഇറാനിയന്‍ റിയാല്‍ ഒരു ഡോളറിന് ഏകദേശം 14.5 ലക്ഷം വരെ തകര്‍ന്നതോടെ, വര്‍ഷാരംഭം മുതല്‍ കറന്‍സിയുടെ മൂല്യം പകുതിയിലേറെ നഷ്ടപ്പെട്ടു. പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ വില 72 ശതമാനവും മരുന്നുകളുടെ വില 50 ശതമാനവും ഉയര്‍ന്നതോടെ ജനജീവിതം ദുഷ്‌കരമായി. ഇതിനിടെ 2026 ബജറ്റില്‍ 62 ശതമാനം നികുതി വര്‍ധനവിന് സര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടുവെച്ചതും ജനകീയ രോഷം ശക്തമാക്കി.
ഞായറാഴ്ച ബസാര്‍ വ്യാപാരികള്‍ കടകള്‍ അടച്ച് തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. തുടര്‍ന്ന് അഹ്വാസു, ഹമദാന്‍, ഖെഷ്മ്, മഷ്ഹദ് തുടങ്ങിയ നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. ചില ദൃശ്യങ്ങളില്‍ മുന്‍ ഇറാന്‍ രാജാവായ മുഹമ്മദ് റേസാ ഷായുടെ മകനും പ്രവാസത്തിലിരിക്കുന്ന കിരീടാവകാശിയുമായ റേസാ പഹ്ലവിക്കു പിന്തുണയുള്ള മുദ്രാവാക്യങ്ങളും മുഴങ്ങുന്നുണ്ട്.
പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ദേശീയ ഐക്യത്തിനായി ആഹ്വാനം ചെയ്തു. ടെഹ്‌റാനില്‍ നടന്ന ബിസിനസ് ഫോറത്തില്‍ സംസാരിച്ച അദ്ദേഹം കലാപത്തിനു പിന്നില്‍ വിദേശ ശക്തികളുടെ ഇടപെടലുണ്ടെന്ന് ആരോപിച്ചു. സാമ്പത്തിക സമ്മര്‍ദ്ദങ്ങളിലൂടെ രാജ്യത്തെ തകര്‍ക്കാനുള്ള 'പൂര്‍ണയുദ്ധം' നടക്കുകയാണെന്നും ഐക്യത്തോടെ മുന്നോട്ടുപോയാല്‍ ഇറാനെ മുട്ടുകുത്തിക്കാന്‍ ആര്‍ക്കുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സാമൂഹികമാധ്യമങ്ങളിലൂടെ റേസാ പഹ്ലവി ഭരണകൂടത്തിനെതിരെ തുറന്ന ആഹ്വാനം നടത്തി. 46 വര്‍ഷമായി തുടരുന്ന 'ഭീതിയും അസ്ഥിരതയും' അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് പറഞ്ഞ അദ്ദേഹം, നിലവിലെ ഭരണകൂടം ദുര്‍ബലവും വിഭജിതവുമാണെന്ന് അവകാശപ്പെട്ടു. തെരുവിലിറങ്ങിയ ജനങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യപ്പെട്ട പഹ്ലവി, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഇറാനിയര്‍ വിജയം നേടുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
ഇറാനില്‍ കലാപം ശക്തം; സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ചു, ബസിജ് സന്നദ്ധസേനാംഗം കൊല്ലപ്പെട്ടു
