അമേരിക്ക ആക്രമിച്ചാല്‍ ട്രംപിനെ 'മറക്കാനാവാത്ത പാഠം' പഠിപ്പിക്കും: ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍

അമേരിക്ക ആക്രമിച്ചാല്‍ ട്രംപിനെ 'മറക്കാനാവാത്ത പാഠം' പഠിപ്പിക്കും: ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍


ടെഹ്‌റാന്‍: അമേരിക്ക ആക്രമണം നടത്തിയാല്‍ ട്രംപിന് 'മറക്കാനാവാത്ത പാഠം' പഠിപ്പിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് മുന്നറിയിപ്പ് നല്‍കി. ടെഹ്‌റാനില്‍ നടന്ന സര്‍ക്കാര്‍ അനുകൂല റാലിയിലാണ് അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.

ഇറാനിയന്‍ ജനത ഒരിക്കലും ശത്രുക്കള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ അനുവദിച്ചിട്ടില്ലെന്നും ഭാവിയിലും അനുവദിക്കില്ലെന്നും ഘാലിബാഫ് പറഞ്ഞു. ഇസ്രായേലിന് മരണം, അമേരിക്കയ്ക്ക് മരണം എന്ന പേര്‍ഷ്യന്‍ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയായിരുന്നു പ്രസംഗം. അമേരിക്ക ആക്രമണം നടത്തിയാല്‍ ഇറാന്റെ സൈന്യം പ്രസിഡന്റ് ട്രംപിന് 'മറക്കാനാവാത്ത പാഠം' നല്‍കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ടെഹ്‌റാനിലെ റാലിയില്‍ സംസാരിക്കവെ രാജ്യത്തെ പ്രതിഷേധങ്ങളെ നേരിടുന്നത് ഭീകരവാദത്തിനെതിരായ യുദ്ധം ആണെന്ന് ഘാലിബാഫ് വിശേഷിപ്പിച്ചു. ഇറാന്‍ നിലവില്‍ ചതുര്‍മുഖ യുദ്ധം നേരിടുകയാണെന്നും സാമ്പത്തിക- മാനസിക- ഭീകരവാദ വിരുദ്ധ യുദ്ധത്തോടൊപ്പം അമേരിക്കയുടെയും ഇസ്രായേലിന്റെയും നേരെയുള്ള സൈനിക യുദ്ധമാണ് നാലാമത്തേതെന്നും അദ്ദേഹം പറഞ്ഞു.

വാഷിംഗ്ടണ്‍ സൈനികമായി ഇടപെട്ടാല്‍ പ്രതികാരമായി അമേരിക്കന്‍ സൈനിക- വാണിജ്യ താവളങ്ങളെ നിയമാനുസൃത ലക്ഷ്യങ്ങളായി കണക്കാക്കുമെന്ന് ഘാലിബാഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം ഇറാനിലെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിനിടെ നടന്ന നടപടികളില്‍ ഇതുവരെ ഏകദേശം 490 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 48 പേര്‍ സുരക്ഷാ സേനാംഗങ്ങളാണെന്നും  മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല സയ്യിദ് അലി ഹൊസൈനി ഖമനെയിയുടെ നേതൃത്വത്തിലുള്ള ഇറാന്‍ ഭരണകൂടം ചര്‍ച്ചകള്‍ക്കായി ബന്ധപ്പെട്ടുവെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കന്‍ സൈനിക നടപടിയുടെ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. ചര്‍ച്ചയ്ക്കുള്ള സാഹചര്യം ആസൂത്രണം ചെയ്യുന്നതായി വ്യക്തമാക്കിയ ട്രംപ്  എന്നാല്‍, ആ കൂടിക്കാഴ്ചയ്ക്ക് മുന്‍പുതന്നെ അമേരിക്ക നടപടിയെടുക്കാന്‍ സാധ്യതയുണ്ടെന്ന ഭീഷണിയും ആവര്‍ത്തിച്ചു.