'ശത്രുക്കൾക്കായി അപ്രതീക്ഷിത ആക്രമണം വരും'; എന്ന മുന്നറിയിപ്പിന് പിന്നാലെ ഇറാൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

'ശത്രുക്കൾക്കായി അപ്രതീക്ഷിത ആക്രമണം വരും'; എന്ന മുന്നറിയിപ്പിന് പിന്നാലെ ഇറാൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു


ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിലെ മുതിർന്ന ഉദ്യോഗസ്ഥൻ അലി മുഹമ്മദ് നയിനി, അമേരിക്ക-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 'ശത്രുക്കൾക്കായി അപ്രതീക്ഷിത ആക്രമണം വരുന്നു' എന്ന മുന്നറിയിപ്പ് നൽകിയതിന് മണിക്കൂറുകൾക്കുള്ളിലാണ് സംഭവം.

'അമേരിക്കൻസയോണിസ്റ്റ് ആക്രമണത്തിൽ അദ്ദേഹം വീരമൃത്യു വരിച്ചു' എന്ന് ഇറാൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.

അലി മുഹമ്മദ് നയിനി മരിക്കുന്നതിന് മുമ്പ് നടത്തിയ പ്രസ്താവനയിൽ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. ഇറാന് ഇനി യുറേനിയം സമ്പുഷ്ടീകരണവും ബാലിസ്റ്റിക് മിസൈൽ നിർമാണവും സാധ്യമല്ലെന്ന നെതന്യാഹുവിന്റെ വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇറാന്റെ മിസൈൽ വ്യവസായം ഏറ്റവും ഉയർന്ന നിലയിലാണ്. യുദ്ധകാലത്തും നിർമാണം തുടരുന്നു. ശത്രുക്കൾക്കായി വലിയ അപ്രതീക്ഷിത കാര്യങ്ങൾ വരാനുണ്ട്' എന്നായിരുന്നു നയിനിയുടെ മുന്നറിയിപ്പ്.

അതേസമയം,ഇറാന്റെ നാവികസേന തകർന്നുവെന്ന ട്രംപിന്റെ വാദത്തെയും അദ്ദേഹം പരിഹസിച്ചു. 'അങ്ങനെയാണെങ്കിൽ പെർഷ്യൻ ഗൾഫിലേക്ക് അമേരിക്ക കപ്പലുകൾ അയക്കട്ടെ' എന്നും വെല്ലുവിളിച്ചു.

എന്നാൽ ഈ പ്രസ്താവനകൾ പുറത്തുവന്നതിനു പിന്നാലെ തന്നെ അമേരിക്കയും ഇസ്രയേലുംചേർന്ന് നടത്തിയ ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു.

ഇതിനിടെ, ഇറാന്റെ ആണവ-മിസൈൽ ശേഷി ഗണ്യമായി തകർന്നുവെന്ന് നെതന്യാഹു വീണ്ടും ആവർത്തിച്ചു. 'ഇറാൻ ഇപ്പോൾ വളരെ ദുർബലമാണ്' എന്നും അദ്ദേഹം പറഞ്ഞു.

മിഡിൽ ഈസ്റ്റ് മേഖലയിലെ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, ഇത്തരത്തിലുള്ള സംഭവങ്ങൾ സംഘർഷം കൂടുതൽ രൂക്ഷമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.