കുവൈത്തിലെ ജലശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം

കുവൈത്തിലെ ജലശുദ്ധീകരണ ശാലയ്ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം


കുവൈത്ത് സിറ്റി: ഇറാനിയന്‍ മിസൈലുകള്‍ നടത്തിയ ആക്രമണത്തല്‍ കുവൈത്തിലെ ഒരു വൈദ്യുതി, ജലം ശുദ്ധീകരണ ശാലയ്ക്ക് നാശനഷ്ടം. ആക്രമണത്തില്‍ വൈദ്യുതി- ജലശുദ്ധീകരണ ശാലയ്ക്ക് ഭാഗങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായി വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനും സ്ഥലം സുരക്ഷിതമാക്കുന്നതിനുമായി അടിയന്തര, സാങ്കേതിക സംഘങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി.

കഴിഞ്ഞയാഴ്ച ദുബായ്ക്ക് സമീപം ഇറാന്‍ പൂര്‍ണ്ണമായും ലോഡുചെയ്ത ഒരു കുവൈത്ത് ക്രൂഡ് ടാങ്കര്‍ ആക്രമിച്ച് തീയിട്ടിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഏറ്റവും ഗുരുതരമായ സമുദ്ര ആക്രമണങ്ങളിലൊന്നായിരുന്നു ഇത്.

കുവൈത്ത് പതാകയില്‍ ജലമാര്‍ഗ്ഗം സഞ്ചരിച്ചിരുന്ന അല്‍-സല്‍മി എന്ന കപ്പല്‍ ദുബായിലെ തുറമുഖ പ്രദേശത്ത് നങ്കൂരമിട്ടിരിക്കെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഫലമായി എണ്ണ ചോര്‍ച്ച ഉണ്ടായിരിക്കാമെന്ന് കുവൈത്ത് പെട്രോളിയം കോര്‍പ്പ് (കെ പി സി) പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

ബുബിയാന്‍ ദ്വീപിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയായ മുബാറക് അല്‍-കബീര്‍ തുറമുഖത്ത് ആക്രമണം നടത്തിയതായി കുവൈത്ത് അധികൃതര്‍  റിപ്പോര്‍ട്ട് ചെയ്തു.