വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ച് ലോകത്തെ അഭിസംബോധന ചെയ്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ കടുത്ത നിലപാട് ആവർത്തിച്ചു. ഇറാൻ 'തകർന്ന നിലയിലാണ്' എന്നും, എങ്കിലും യുദ്ധം ഇതോടെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ടുമുതൽ മൂന്നാഴ്ച വരെ സൈനിക നടപടികൾ തുടരുമെന്നും ട്രംപ് അറിയിച്ചു.
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന പേരിൽ തുടരുന്ന സൈനിക നീക്കങ്ങളെ ട്രംപ് ശക്തമായി പ്രതിരോധിച്ചു. ഭരണകൂട മാറ്റമല്ല ലക്ഷ്യമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇറാന്റെ ആയുധ നിർമ്മാണ കേന്ദ്രങ്ങൾ, നാവികവ്യോമസേന എന്നിവ തകർക്കുകയും ഇറാൻ ഒരിക്കലും ആണവായുധം കൈവരിക്കാതിരിക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങളെന്നും ചൂണ്ടിക്കാട്ടി. ഈ യുദ്ധത്തിൽ അമേരിക്ക 'വലിയ വിജയമാണ് നേടുന്നത്' എന്നും ട്രംപ് അവകാശപ്പെട്ടു.
'ആദ്യം നയതന്ത്ര ശ്രമങ്ങളാണ് സ്വീകരിച്ചത്, എന്നാൽ അത് പരാജയപ്പെട്ടതോടെ സൈനിക നടപടി അനിവാര്യമായതായി മാറി'- അദ്ദേഹം പറഞ്ഞു. മുൻ പ്രസിഡന്റ് ബാരാക് ഒബാമയും ഇറാൻ മുൻ പ്രസിഡന്റ് ഹസൻ റുഹാനിയും തമ്മിൽ ഒപ്പുവെച്ച ജോയിന്റ് കോംപ്രഹെൻസിവ് പ്ലാൻ ഒഫ് ആക്ഷൻ (Joint Comprehensive Plan of Action) കരാറിനെ അദ്ദേഹം വീണ്ടും വിമർശിച്ചു. ഈ കരാർ ഇറാനെ ശക്തിപ്പെടുത്താൻ സമയം നൽകിയതായും ട്രംപ് ആരോപിച്ചു.
തന്റെ ആദ്യകാല ഭരണത്തിൽ കൊല്ലപ്പെട്ട ഇറാൻ സൈനികനായ കാസിം സുലൈമാനിയെ പരാമർശിച്ച ട്രംപ്, അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇറാൻ കൂടുതൽ ശക്തമായേനെയെന്നും അഭിപ്രായപ്പെട്ടു. ചർച്ചകൾ തുടരുകയാണെന്ന് ആവർത്തിച്ചെങ്കിലും, കരാറിൽ എത്താനാകാത്ത പക്ഷം ഇറാനിലെ എല്ലാ കേന്ദ്രങ്ങളും ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ വിഷയത്തിൽ ഗൾഫ് രാജ്യങ്ങളുടെയും ഇസ്രായേലിന്റെയും പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. അവരുടെ സുരക്ഷയ്ക്ക് അമേരിക്ക ഉറച്ച പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
എണ്ണ വിഷയത്തിലും ട്രംപ് പ്രതികരിച്ചു. അമേരിക്കയ്ക്ക് സൗദി അറേബ്യയെയും യുഎഇയെയുംക്കാൾ കൂടുതൽ എണ്ണയുണ്ടെന്നും, ഇറാന്റെ എണ്ണയെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. പശ്ചിമേഷ്യൻ എണ്ണയിൽ ആശ്രയിക്കുന്ന രാജ്യങ്ങൾ ഹോർമൂസ് വഴി കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയുടെ ആവശ്യങ്ങൾ 'അസംബന്ധവും പരമാവധി കൂടിയതുമാണ്' എന്ന നിലപാട് ഇറാൻ വീണ്ടും ആവർത്തിച്ചു. നേരിട്ടുള്ള ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും, ഇടനിലക്കാരുടെ വഴി സന്ദേശങ്ങൾ മാത്രമാണെന്നും വിദേശകാര്യ വക്താവ് ഇസ്മയിൽ ബഖായിയും മന്ത്രി സെയ്ദ് അബ്ബാസ് അരാഘ്ചിയും വ്യക്തമാക്കി.
യുദ്ധം, നയതന്ത്രം, ഭീഷണികൾ എന്നിവ ഒരേസമയത്ത് തന്നെ മുന്നേറുന്നതിനിടെ, ഇറാൻഅമേരിക്ക സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സൂചനകളാണ് നിലവിലുള്ളത്.
'ഇറാൻ തകർന്ന നിലയിൽ, എന്നാൽ യുദ്ധം തുടരും': ട്രംപ് – 2-3 ആഴ്ച കൂടി ആക്രമണം
