മോസ്‌കോ/ തെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ചര്‍ച്ചാ നിര്‍ദേശം ഇറാന്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി തന്റെ ടെലഗ്രാമില്‍ വ്യക്തമാക്കി.
റഷ്യയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച അരാഘ്ചി ചര്‍ച്ചയ്ക്ക് അമേരിക്ക മുന്നോട്ടുവന്നത് ഇതുവരെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കാത്തതിന്റെ തെളിവാണെന്നും പറഞ്ഞു.
നേരത്തെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്കായി ഇസ്ലാമാബാദ് സന്ദര്‍ശിക്കാനിരുന്ന അമേരിക്കന്‍ ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫ്, ജരീദ് കുഷ്‌നര്‍ എന്നിവരുടെ യാത്ര ട്രംപ് റദ്ദാക്കിയിരുന്നു. ചര്‍ച്ചയ്ക്ക് ഇറാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഫോണ്‍ മുഖേന ബന്ധപ്പെടാമെന്നും ട്രംപ് പ്രതികരിച്ചിരുന്നു. പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ വാഷിംഗ്ടണാണ് കാരണമെന്ന് റഷ്യ സന്ദര്‍ശനത്തിനിടെ അരാഘ്ചി ആരോപിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇറാനെ പിന്തുണയ്ക്കുമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നും ഉറപ്പുനല്‍കുകയും ചെയ്തു.
ഇസ്ലാമാബാദില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പുതിയ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നെങ്കിലും അമേരിക്കന്‍ ദൂതന്മാരുടെ യാത്ര റദ്ദാക്കിയത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അമേരിക്കയുടെ അതിരുകടന്ന ആവശ്യങ്ങളാണ് മുന്‍ ചര്‍ച്ചകള്‍ ലക്ഷ്യത്തിലെത്താതിരിക്കാന്‍ കാരണമെന്ന് അരഘ്ചി പറഞ്ഞു.
ഇതിനിടെ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ വഴി അമേരിക്കയ്ക്ക് സന്ദേശങ്ങള്‍ ഇറാന്‍ കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആണവ വിഷയങ്ങളും ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ച നിലപാടുകളും ഇതില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. എന്നാല്‍ ഇത് ഔദ്യോഗിക ചര്‍ച്ചകളുടെ ഭാഗമല്ലെന്നാണ് വ്യക്തമാക്കുന്നത്.
അമേരിക്കന്‍ മാധ്യമങ്ങളായ ആക്‌സിയോസ്, എ ബി സി ന്യൂസ് എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും അമേരിക്കന്‍ നാവിക ഉപരോധം അവസാനിപ്പിക്കുന്നതുമാണ് ഇറാന്‍ മുന്നോട്ടുവെച്ച പുതിയ നിര്‍ദേശത്തിന്റെ പ്രധാന ഭാഗങ്ങള്‍. ആണവ ചര്‍ച്ചകള്‍ പിന്നീട് നടത്താമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടെ, നിലച്ച ചര്‍ച്ചകള്‍ക്ക് തുടര്‍നടപടികള്‍ എന്തെന്നതിനെക്കുറിച്ച് ട്രംപ് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി യോഗം ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
