ഖത്തറിലെ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ടെർമിനലിൽ ഇറാൻ ആക്രമണം; ആഗോള ഊർജ വിപണിയിൽ ആശങ്ക

ഖത്തറിലെ ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ടെർമിനലിൽ ഇറാൻ ആക്രമണം; ആഗോള ഊർജ വിപണിയിൽ ആശങ്ക


ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതി വാതക (എൻഎൻജി) ടെർമിനലിനെതിരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. അഞ്ചു ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിൽ ഒന്ന് ലക്ഷ്യത്തിൽ പതിച്ചതോടെ വൻ നാശനഷ്ടവും തീപിടിത്തവും ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. 

ഈ കേന്ദ്രം ലോക എൽഎൻജി വിതരണത്തിന്റെ ഏകദേശം 20% വരെ നൽകുന്ന പ്രധാന ഹബ്ബായതിനാൽ ആക്രമണം ആഗോള ഊർജവിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. 

ഇസ്രായേൽ ഇറാനിലെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിനെ ആക്രമിച്ചതിന് പിന്നാലെയായിരുന്നു ഈ പ്രതികാര നടപടി. ഇതോടെ ഗൾഫ് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായി. 
ആക്രമണത്തെ ഖത്തർ ശക്തമായി അപലപിക്കുകയും രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പല രാജ്യങ്ങളും മിസൈലുകളും ഡ്രോണുകളും തടഞ്ഞുവെങ്കിലും ചിലത് ലക്ഷ്യത്തിലെത്തിയതായി റിപ്പോർട്ടുണ്ട്.

സംഭവത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ബാരലിന് 110 ഡോളർ കടന്നപ്പോൾ, പ്രകൃതി വാതകവിലയും കുത്തനെ ഉയർന്നു. 

ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ കപ്പൽഗതാഗതം തടസ്സപ്പെടുന്നതും മേഖലയിൽ യുദ്ധഭീഷണി വർധിക്കുന്നതും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആഘാതമാകുമെന്ന ആശങ്ക ശക്തമാകുന്നു.