ആണവ പദ്ധതിക്ക് കടുത്ത നിയന്ത്രണം; സമ്പുഷ്ട യൂറേനിയം നശിപ്പിക്കാൻ ഇറാൻ സമ്മതിച്ചെന്ന് ജെ.ഡി. വാൻസ്

ആണവ പദ്ധതിക്ക് കടുത്ത നിയന്ത്രണം; സമ്പുഷ്ട യൂറേനിയം നശിപ്പിക്കാൻ ഇറാൻ സമ്മതിച്ചെന്ന് ജെ.ഡി. വാൻസ്


വാഷിങ്ടൺ: അമേരിക്ക-ഇറാൻ സമാധാന കരാറിന്റെ ഭാഗമായി ഉയർന്ന അളവിൽ സമ്പുഷ്ടമാക്കിയ ആണവ വസ്തുക്കളുടെ ശേഖരം നശിപ്പിക്കാനും ആണവായുധം വികസിപ്പിക്കുകയോ സ്വന്തമാക്കുകയോ ചെയ്യില്ലെന്നും ഇറാൻ പ്രതിബദ്ധത അറിയിച്ചതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് കർശന പരശോധനയ്ക്ക് വധേയമാക്കിയ ശേഷമേ ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ കരാറിലെ ബാധ്യതകൾ പൂർണമായി പാലിക്കുകയും ആണവ പദ്ധതിയുമായി ബന്ധപ്പെട്ട യഥാർഥ പരശോധനകൾക്ക് അനുമതി നൽകുകയും ചെയ്താൽ ആ രാജ്യത്തെ വീണ്ടും ആഗോള സാമ്പത്തിക വ്യവസ്ഥയലേക്ക് സ്വാഗതം ചെയ്യുമെന്ന് വാൻസ് പറഞ്ഞു. കരാറിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കിയാൽ ഉപരോധങ്ങളിൽ നിന്ന് മോചിതമായ സാമ്പത്തിക സാഹചര്യം ഇറാനിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടച്ചേർത്തു.

ഇറാന്റെ മരവിപ്പിച്ച സാമ്പത്തിക ആസ്തികളിൽ 24 ബില്യൺ ഡോളർ വിട്ടുനൽകുമെന്ന തരത്തിലുള്ള റപ്പോർട്ടുകളും വാൻസ് തള്ളി. അത്തരമൊരു തുക കരാറിലെ ഒരു രേഖയിലും പരാമർശിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചില ആസ്തികൾ മരവിപ്പുമുക്തമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കാമെങ്കിലും, ദീർഘകാല ആണവ നിയന്ത്രണങ്ങൾ പാലിക്കുന്നതിനനുസരിച്ചായിരിക്കും അതെന്ന് അദ്ദേഹം പറഞ്ഞു.

സമ്പുഷ്ട യൂറേനിയം ശേഖരം എങ്ങനെ നശിപ്പിക്കുമെന്നതിനെക്കുറിച്ച് ഇറാനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും സാങ്കേതിക തലത്തിലുള്ള ചർച്ചകളിൽ അതിന്റെ വിശദാംശങ്ങൾ തീരുമാനിക്കുമെന്നും വാൻസ് അറിയിച്ചു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയായ ഐ.എ.ഇ.എയുമായി സഹകരിച്ചായിരിക്കും ഈ നടപടികൾ നടപ്പാക്കുക. യൂറേനിയം ശേഖരം പൂർണമായി നശിപ്പിച്ചതായി ഉറപ്പാക്കാൻ അമേരിക്ക നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് ദീർഘകാലത്തേക്ക് തടസമില്ലാതെ തുറന്നുനിൽക്കുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷയെന്നും വാൻസ് പറഞ്ഞു. കരാറിന്റെ ഭാഗമായി 60 ദിവസത്തേക്ക് കടലിടുക്ക് തുറന്നുവെക്കുമെന്ന വ്യവസ്ഥയുണ്ടെങ്കിലും, അത് ദീർഘകാല ക്രമീകരണമായി മാറുമെന്നാണ് അമേരിക്ക വിലയിരുത്തുന്നതെന്ന് അദ്ദേഹം കൂട്ടച്ചേർത്തു.

അതേസമയം, അമേരിക്ക-ഇറാൻ കരാറിന്റെ പൂർണരൂപം ഈ ആഴ്ച പുറത്തുവിടാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. കരാറിന്റെ വ്യവസ്ഥകൾ സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് മുഴുവൻ രേഖയും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ തീരുമാനിച്ചതെന്ന് വാൻസ് പറഞ്ഞു. ഇറാൻ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ലെന്ന് ഉറപ്പുവരുത്തുകയും ഹോർമുസ് കടലിടുക്ക് തുറന്നുനിൽക്കുകയും ചെയ്യുന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.