സമാധാനം അകലെ: ആവശ്യങ്ങളുടെ പട്ടിക ഇറാന്‍ കൈമാറി; യാത്ര റദ്ദാക്കി യു എസ് പ്രതിനിധികള്‍

സമാധാനം അകലെ: ആവശ്യങ്ങളുടെ പട്ടിക ഇറാന്‍ കൈമാറി; യാത്ര റദ്ദാക്കി യു എസ് പ്രതിനിധികള്‍


ഇസ്ലാമാബാദ്: യു എസും ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആവശ്യങ്ങളുടെ പട്ടിക പാകിസ്ഥാന് സമര്‍പ്പിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇറാന്‍ വിദേശകാര്യ മന്ത്രിയും പ്രതിനിധി സംഘവും മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് പാകിസ്ഥാനില്‍ എത്തിയത്. 

യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള തെഹ്റാന്റെ കാഴ്ചപ്പാടുകള്‍ ഇസ്ലാമാബാദ് ചര്‍ച്ചകളില്‍ പങ്കുവെച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. 

ഇറാനുമായുള്ള ചര്‍ച്ചകള്‍ക്കായി നിയോഗിച്ചിരുന്ന  നയതന്ത്ര പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫിന്റെയും ജാരെഡ് കുഷ്നറുടെയും പാകിസ്ഥാന്‍ യാത്ര റദ്ദാക്കി. ഇരുവരും ശനിയാഴ്ച പാകിസ്ഥാനിലേക്ക് പോകുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെങ്കിലും യാത്രയില്‍ വളരെയധികം സമയം പാഴാക്കുന്നുവെന്നും വളരെയധികം ജോലി ചെയ്യുന്നുവെന്നും പറഞ്ഞാണ് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് യാത്ര റദ്ദാക്കിയത്. 

തങ്ങള്‍ക്ക് എല്ലാ കാര്‍ഡുകളുമുണ്ടെന്നും അവര്‍ക്ക് ഒന്നുമില്ലെന്നും അവര്‍ക്ക് സംസാരിക്കാനുണ്ടെങ്കില്‍ വിളിക്കുകയാണ് ചെയ്യേണ്ടതെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നയതന്ത്രത്തെക്കുറിച്ച് ശരിക്കും ഗൗരവമുള്ളവരാണോ യു എസ് എന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്. 

യാത്ര റദ്ദാക്കിയതോടെ ഇരുകക്ഷികളും എത്രത്തോളം അകലത്തിലാണെന്ന സൂചനയാണെന്ന് ജോ ഇന്‍വുഡ് എഴുതുന്നു.