ഹോര്‍മുസ് നിയന്ത്രണങ്ങളില്‍നിന്ന് ഇന്ത്യയ്ക്ക് ഇളവ് നല്‍കി ഇറാന്‍; ചൈന, ഇറാഖ്, ഖത്തര്‍ കപ്പലുകള്‍ക്കും അനുമതി

ഹോര്‍മുസ് നിയന്ത്രണങ്ങളില്‍നിന്ന് ഇന്ത്യയ്ക്ക് ഇളവ് നല്‍കി ഇറാന്‍; ചൈന, ഇറാഖ്, ഖത്തര്‍ കപ്പലുകള്‍ക്കും അനുമതി


ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍നിന്ന് ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ച് ഇറാന്‍. ചൈന, ഇറാഖ്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ വാണിജ്യ കപ്പലുകള്‍ക്കും നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവ് നല്‍കിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് കടലിടുക്കിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാമെന്നും അമേരിക്കന്‍ സേന അവയെ തടയുന്നില്ലെന്നും ഇറാന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ- വിദേശനയ സമിതി ഉപാധ്യക്ഷന്‍ അഹമ്മദ് ഹയാത്ത് മൊഗദ്ദം വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലും പരിസരത്തും കപ്പലുകള്‍ക്കുനേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രഖ്യാപനം. വാണിജ്യ കപ്പലുകള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ, ചൈന, ഇറാഖ്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ കപ്പലുകളെ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളില്‍നിന്ന് നിലവില്‍ ഒഴിവാക്കിയിട്ടുണ്ടെന്ന് ഇറാന്‍ സ്റ്റുഡന്റ്‌സ് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഹയാത്ത് മൊഗദ്ദം പറഞ്ഞു. ഈ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് തടസ്സമില്ലാതെ കടന്നുപോകാമെന്നും അവയെ തടയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മരുന്നുകളുടെ ഇറക്കുമതി സുഗമമാക്കുന്നതിനാണ് ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ചൈനയ്ക്ക് നല്‍കിയ ഇളവിന് പിന്നില്‍ രാഷ്ട്രീയ പിന്തുണയും സാമ്പത്തിക ബന്ധങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍, ചൈനീസ് കപ്പലുകളില്‍നിന്ന് ഇറാന്‍ ഗതാഗത ഫീസ് ഈടാക്കുന്നുണ്ട്. ഖത്തര്‍ കപ്പലുകള്‍ക്ക് ഫീസ് ഈടാക്കാതെ കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇറാഖി കപ്പലുകളില്‍നിന്ന് ഫീസ് ഈടാക്കുന്നുണ്ടോയെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയില്ല.

ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ആവശ്യകതയുടെ ഏകദേശം 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇതില്‍ നിലവില്‍ ഏകദേശം 30 ശതമാനം ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്.

മുമ്പ് ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 70 ശതമാനത്തോളം ഈ കടലിടുക്കിനെ ആശ്രയിച്ചിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം റഷ്യ, അമേരിക്ക, പശ്ചിമാഫ്രിക്ക, യു എ ഇയിലെ ഫുജൈറ എന്നിവിടങ്ങളില്‍നിന്ന് ഇറക്കുമതി വര്‍ധിപ്പിച്ചതോടെ ഹോര്‍മുസിനെ ആശ്രയിക്കുന്നതില്‍ കുറവുണ്ടായി.

എന്നാല്‍ ഇന്ത്യയുടെ പാചകവാതക (എല്‍ പി ജി) ഇറക്കുമതിയുടെ ഏകദേശം 90 ശതമാനവും ഇപ്പോഴും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. ഖത്തറില്‍നിന്നും യു എ ഇയില്‍നിന്നുമുള്ള എല്‍ എന്‍ ജി ഇറക്കുമതിയുടെ 50 ശതമാനത്തിലധികവും ഈ സമുദ്രപാതയിലൂടെയാണ്. വളം ഇറക്കുമതിക്കും ഈ പാത നിര്‍ണായകമാണ്.

അന്താരാഷ്ട്ര സമുദ്രപാതകളിലൂടെയുള്ള സ്വതന്ത്ര കപ്പല്‍ ഗതാഗതവും ഊര്‍ജവിതരണത്തിന്റെ തടസ്സമില്ലാത്ത നീക്കവും ഉറപ്പാക്കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര സമുദ്രസംഘടനയുടെ (ഐഎംഒ) കണക്കുകള്‍ പ്രകാരം ഫെബ്രുവരിയില്‍ സംഘര്‍ഷം ആരംഭിച്ചതുമുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ വാണിജ്യ കപ്പലുകള്‍ക്കുനേരെ കുറഞ്ഞത് 70 ആക്രമണങ്ങളുണ്ടായി. ഇതില്‍ 19 നാവികര്‍ കൊല്ലപ്പെട്ടു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇതുവരെ കൊല്ലപ്പെട്ട 24 ഇന്ത്യക്കാരില്‍ 15 പേരും കപ്പല്‍ ജീവനക്കാരാണ്.

അതിനിടെ, അമേരിക്കയുമായുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ഖത്തര്‍ മധ്യസ്ഥതയില്‍ മുന്നോട്ടുവെച്ച നിര്‍ദേശം പരിഗണിക്കണമെന്ന് ഇറാനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ സൈനിക നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എന്നിവര്‍ നിര്‍ദേശത്തോട് ക്രിയാത്മകമായി പ്രതികരിക്കാനും നയതന്ത്ര നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാനും സൈനിക നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് അല്‍ അറബിയ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അമേരിക്കയുമായി നേരിട്ടുള്ള സംഘര്‍ഷം വീണ്ടും ആരംഭിക്കാനാണ് കൂടുതല്‍ സാധ്യതയെന്ന വിലയിരുത്തല്‍ ഇറാനിലെ ആഭ്യന്തര തലത്തില്‍ ശക്തമാകുന്നതിനിടെയാണ് നയതന്ത്ര നീക്കം സജീവമായിരിക്കുന്നത്.