ടെഹ്‌റാൻ: ഇസ്രായേൽ ചാരസംഘടനയായ മൊസാദിനു വേണ്ടി 'ചാരപ്പണി' നടത്തിയെന്നാരോപിച്ച് ഒരാളെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ശനിയാഴ്ചയാണ് ശിക്ഷ നടപ്പാക്കിയതെന്ന് ഇറാൻ നീതിന്യായ വ്യവസ്ഥയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മിസാൻ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
എർഫാൻ കിയാനി എന്ന യുവാവിനെയാണ് തൂക്കിലേറ്റിയത്. ജനുവരി മാസത്തിൽ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്ഫഹാൻ പ്രവിശ്യയിൽ മോസ്സാദ് നിർദ്ദേശപ്രകാരം പ്രവർത്തിച്ച പ്രധാന പ്രവർത്തകരിൽ ഒരാളായിരുന്നു ഇയാളെന്ന് ഇറാൻ അധികൃതർ ആരോപിച്ചു. രാജ്യത്തെ സുപ്രീം കോടതി ശിക്ഷ ശരിവെച്ചതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.
തീവെപ്പ് , പൊതുസ്വത്തും സ്വകാര്യസ്വത്തും നശിപ്പിക്കൽ, മൊളോട്ടോവ് കോക്ടെയിൽ കൈവശം വെക്കുകയും ഉപയോഗിക്കുകയും ചെയ്യൽ, ആയുധം കൈവശം വെക്കൽ, സുരക്ഷാസേനയെ ആക്രമിക്കൽ, റോഡുകൾ തടയൽ, പൊതുജനങ്ങളിൽ ഭീതിയുണ്ടാക്കൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തപ്പെട്ടത്.
ഇതിനുമുമ്പ് നിരോധിത പ്രതിപക്ഷ സംഘടനയിൽ അംഗത്വമുണ്ടെന്നാരോപിച്ച് മറ്റൊരാൾക്കും വധശിക്ഷ നടപ്പാക്കിയിരുന്നു. ഫെബ്രുവരി 28 മുതൽ അമേരിക്കയുമായും ഇസ്രായേലുമായും സംഘർഷം ശക്തമായതോടെ, വധശിക്ഷയുടെ പ്രയോഗം ഇറാൻ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
ജനുവരിയിലെ പ്രതിഷേധങ്ങൾ വിദേശ ശക്തികൾ പ്രേരിപ്പിച്ചതാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇസ്രായേലിനെയും അമേരിക്കയെയും കൂടാതെ പീപ്പിൾസ് മുജാഹിദീൻ ഓഫ് ഇറാൻ പോലുള്ള സംഘടനകളെയും അവർ കുറ്റപ്പെടുത്തി.
ഇതിനിടെ, മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര സംഘടനകൾ ഇറാനിലെ വധശിക്ഷാ പ്രക്രിയയെ വിമർശനവിധേയമാക്കുന്നുണ്ട്. ചൈനയ്ക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇറാൻ എന്നതാണ് ഇവരുടെ വിലയിരുത്തൽ.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് മാർച്ച് 19 മുതൽ കുറഞ്ഞത് ഒൻപത് പേരെങ്കിലും വധശിക്ഷയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രായേൽ ചാരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചെന്നാരോപണം; ഇറാനിൽ ഒരാൾക്ക് വധശിക്ഷ നടപ്പാക്കി
