പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലെന്നത് തള്ളി ഇറാന്‍

പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലെന്നത് തള്ളി ഇറാന്‍


തെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയിലെ ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി അബ്ദുല്‍ മജീദ് ഹക്കീം ഇലാഹിയുടെ പ്രതിനിധി തള്ളി. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ സൗകര്യമൊരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ 'ശരിയല്ല' എന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ യഥാര്‍ഥ നയതന്ത്ര ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതിനു പകരം ആഗോള എണ്ണ വിലയെ സ്വാധീനിക്കുക എന്നതാണ് അവകാശവാദങ്ങളുടെ ലക്ഷ്യമെന്ന് ഇലാഹി പറഞ്ഞു.

സമാധാന ശ്രമങ്ങളില്‍ ഇന്ത്യയ്ക്ക് പങ്കു വഹിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും ക്രിയാത്മകമായി സംഭാവന നല്‍കാന്‍ കഴിയുമെന്ന് ഇലാഹി പ്രസ്താവിച്ചു.

എങ്കിലും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇസ്ലാമാബാദില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തെഹ്റാന്‍ ഒരിക്കലും നിരസിച്ചിട്ടില്ലെന്നും പാകിസ്ഥാന്റെ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതായി അവകാശപ്പെടുന്ന മാധ്യമ റിപ്പോര്‍ട്ടുകളെ യു എസ് മാധ്യമങ്ങള്‍ 'തെറ്റായ പ്രതിനിധാനം' ചെയ്തതായും വിശദീകരിച്ചു.

പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് അരാഗ്ചി നന്ദി പ്രകടിപ്പിച്ചു. എന്നാല്‍ അമേരിക്കയുമായും ഇസ്രായേലുമായും ഉള്ള യുദ്ധത്തിന് 'നിര്‍ണ്ണായകവും ശാശ്വതവുമായ അന്ത്യം' ഇറാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം അമേരിക്കയ്ക്കും ഇസ്രായേലിനുമാണെന്ന് ഇലാഹി കൂടുതല്‍ അടിവരയിട്ടു. ആശുപത്രികള്‍, സ്‌കൂളുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടതിന് ഇരു രാജ്യങ്ങളെയും അദ്ദേഹം അപലപിച്ചു.