'യുദ്ധത്തിൽ കുടുങ്ങിയ അമേരിക്ക രക്ഷപ്പെടാൻ വഴിതേടുകയാണെന്ന് ഇറാൻ

'യുദ്ധത്തിൽ കുടുങ്ങിയ അമേരിക്ക രക്ഷപ്പെടാൻ വഴിതേടുകയാണെന്ന് ഇറാൻ


ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ, യുദ്ധത്തിൽ കുടുങ്ങിയ അമേരിക്ക 'മുഖം രക്ഷിക്കാൻ' വഴിയന്വേഷിക്കുകയാണെന്ന് ഇറാൻ ആരോപിച്ചു. ഇറാൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിമർശനം ഉയർന്നത്.

രാജ്യത്തിന്റെ സൈനിക ശക്തി ഇപ്പോൾ മേൽക്കൈ പുലർത്തുന്നുവെന്നും, യുദ്ധക്കുഴപ്പത്തിൽ കുടുങ്ങിയ ശത്രുവായ അമേരിക്ക രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ഇറാനിയൻ മാധ്യമമായ ഇസ്‌ന പ്രതിരോധമന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

ഇതിനിടെ, സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്ഥാനിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രതികരണം. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവർ ഇസ്‌ലാമാബാദിൽ ചർച്ചകൾ നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇറാനുമായി നേരിട്ട് ചർച്ച നടത്താനുള്ള സാധ്യത ഇല്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ഇതിനകം ഇസ്‌ലാമാബാദിൽ എത്തിയിട്ടുണ്ട്. പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹത്തിന്റെ പദ്ധതി. എന്നാൽ അമേരിക്കയുമായി ചർച്ചകൾക്ക് യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ വക്താവ് എസ്മായിൽ ബഖായി വ്യക്തമാക്കി.

ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷം കുറയ്ക്കാൻ പാകിസ്ഥാൻ ഇടപെടൽ നടത്തുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം. അമേരിക്ക 'ആക്രമണ യുദ്ധം' അവസാനിപ്പിക്കുകയും പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഇറാൻ ആവർത്തിച്ചു.

അതേസമയം, പശ്ചിമ്യേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. ഹോർമൂസ് കടലിടുക്കിനെ കേന്ദ്രീകരിച്ചുള്ള  ഈ പ്രതിസന്ധിയിൽ, അമേരിക്ക വലിയ സൈനിക സാന്നിധ്യം വിന്യസിച്ചിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡിന്റെ വിവരമനുസരിച്ച്, 2003ലെ ഇറാഖ് യുദ്ധത്തിന് ശേഷം ആദ്യമായാണ് മൂന്ന് വിമാനവാഹിനി യുദ്ധക്കപ്പൽ സംഘങ്ങൾ മേഖലയിലേക്ക് വിന്യസിച്ചിട്ടുള്ളത്.

200ലധികം വിമാനങ്ങളും 15,000ത്തിലധികം സൈനികരും അടങ്ങിയ ഈ സൈനിക സാന്നിധ്യം പ്രദേശത്തെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നതായി വിലയിരുത്തപ്പെടുന്നു.