ഹോര്‍മുസില്‍ രണ്ടാമത്തെ യു എസ് അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ പിടിച്ചെടുത്തതായി ഇറാന്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ഹോര്‍മുസില്‍ രണ്ടാമത്തെ യു എസ് അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ പിടിച്ചെടുത്തതായി ഇറാന്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ടു


തെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയുടെ ആളില്ലാ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ പിടിച്ചെടുത്തതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐ ആര്‍ ജി സി) അവകാശപ്പെട്ടു. ഞായറാഴ്ചയാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചത്. ഡ്രോണ്‍ ചാരപ്രവര്‍ത്തനത്തിനായി ഉപയോഗിച്ചിരുന്നതായും ഐ ആര്‍ ജി സി ആരോപിച്ചു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഹോര്‍മുസ് കടലിടുക്കില്‍ മറ്റൊരു അമേരിക്കന്‍ ആളില്ലാ ഉപകരണം പിടിച്ചെടുത്തതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ പിടിച്ചെടുത്തതായുള്ള അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 

ഇന്റലിജന്‍സ് നിരീക്ഷണവും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും ഉള്‍പ്പെടുത്തി നടത്തിയ ഏകോപിതവും സങ്കീര്‍ണവുമായ നീക്കത്തിലൂടെയാണ് അമേരിക്കന്‍ സൈന്യത്തിന്റേതെന്ന് പറയപ്പെടുന്ന അത്യാധുനിക ആളില്ലാ അണ്ടര്‍വാട്ടര്‍ വാഹനം (യു യു വി) ഐ ആര്‍ ജി സി നാവികസേന പിടിച്ചെടുത്തതെന്ന് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്ത ഐ ആര്‍ ജി സി നാവികസേനയുടെ പ്രസ്താവനയില്‍ പറയുന്നു.

ചാരപ്രവര്‍ത്തനത്തിനായി ഡ്രോണ്‍ ഹോര്‍മുസ് കടലിടുക്കില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും ഐ ആര്‍ ജി സി ആരോപിച്ചു. റെമുസ് 600 എന്ന സ്വയം നിയന്ത്രിത അണ്ടര്‍വാട്ടര്‍ വാഹനമാണ് പിടിച്ചെടുത്തതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഡ്രോണില്‍നിന്നുള്ള വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഇത് നിലവില്‍ സേനയുടെ വിദഗ്ധരുടെ നിയന്ത്രണത്തിലാണെന്നും ഐ ആര്‍ ജി സി അറിയിച്ചു.

ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിത മേഖലയാണെന്നും കടലിടുക്കിനുള്ളിലെ അപകടകരമായ നീക്കങ്ങള്‍ക്കും അനുമതിയില്ലാത്ത ഗതാഗതത്തിനുമെതിരെ ശക്തമായ നടപടികള്‍ തുടരുമെന്നും ഐ ആര്‍ ജി സി നാവികസേന മുന്നറിയിപ്പ് നല്‍കി.