തെഹ്‌റാന്‍: അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു എസ് എസ് അബ്രഹാം ലിങ്കണിനെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായും കപ്പല്‍ പ്രവര്‍ത്തനക്ഷമമല്ലാതായതോടെ ഗള്‍ഫ് മേഖലയില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ ഈ ഇത് തെറ്റാണെന്ന് വ്യക്തമാക്കി യു എസ് അധികൃതര്‍ പ്രതികരിച്ചു.
ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) നാവികസേനയുടെ പ്രസ്താവന പ്രകാരം ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് വിമാനവാഹിനി കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ കപ്പല്‍ ഇനി പ്രവര്‍ത്തനക്ഷമമല്ലെന്നാണ് അവകാശവാദം.
അതേസമയം അമേരിക്കന്‍ അധികൃതര്‍ പറയുന്നത് ഇറാന്റെ ഒരു കപ്പല്‍ അമേരിക്കന്‍ യുദ്ധക്കപ്പലിന് വളരെ അടുത്തെത്തിയതിനെ തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കുന്നതിന് അമേരിക്കന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ്.
കൃത്യതയോടെ നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഇറാന്‍ അറിയിച്ചു. ആക്രമണ സമയത്ത് കപ്പല്‍ ഒമാന്‍ കടലില്‍ ഇറാന്റെ സമുദ്ര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 340 കിലോമീറ്റര്‍ അകലെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇറാന്റെ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് യു എസ് എസ് അബ്രഹാം ലിങ്കണും അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പും വേഗത്തില്‍ പ്രദേശം വിട്ട് പിന്മാറുന്നതായി കണ്ടതായി പറഞ്ഞു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് അമേരിക്ക തള്ളി.
യുദ്ധക്കപ്പല്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെന്ന് തെളിയിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്റ് ഒരു ചിത്രം പുറത്തുവിട്ടു. അബ്രഹാം ലിങ്കണ്‍ സ്ട്രൈക്ക് ഗ്രൂപ്പ് ഇപ്പോഴും പ്രവര്‍ത്തനക്ഷമമായി തുടരുകയും കടലില്‍ നിന്ന് സൈനിക ശക്തി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുവെന്ന് അവര്‍ അറിയിച്ചു.
സി ബി എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഇറാന്റെ ഒരു കപ്പല്‍ യു എസ് എസ് അബ്രഹാം ലിങ്കണിന് അടുത്തെത്തിയതോടെ ഒരു അമേരിക്കന്‍ നാവിക കപ്പല്‍ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയും എന്നല്‍ ലക്ഷ്യം തെറ്റുകയും ചെയ്തു. കപ്പലിന് കേടുപാടുകള്‍ സംഭവിച്ചോയെന്നത് വ്യക്തമല്ല.
ഇതിനുമുമ്പും വിമാനവാഹിനി കപ്പലിനെ ആക്രമിച്ചതായി ഐ ആര്‍ ജി സി അവകാശപ്പെട്ടിരുന്നു. എന്നാല്‍ മിസൈലുകള്‍ കപ്പലിനടുത്തേക്ക് പോലും എത്തിയില്ല എന്ന് അമേരിക്കന്‍ സൈന്യം പ്രസ്താവന നടത്തിയിരുന്നു.
മിഡില്‍ ഈസ്റ്റിലെ സൈനിക നടപടികള്‍ക്ക് പിന്തുണയായി അമേരിക്കയുടെ യു എസ് എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡും യു എസ് എസ് അബ്രഹാം ലിങ്കണും രണ്ട് വിമാനവാഹിനി കപ്പലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയ്ക്ക് പുറമെ യു എസ് എസ് സ്പ്രുവന്‍സ്, യു എസ് എസ് മിഖായേല്‍ മര്‍ഫി എന്നീ കപ്പലുകളും പിന്തുണ നല്‍കുന്നു.
കൂടാതെ ആറു ഗൈഡഡ്-മിസൈല്‍ ഡെസ്‌ട്രോയര്‍മാരും അറബിക്കടലില്‍ വിന്യസിച്ചിട്ടുണ്ട്.
രണ്ടു ദിവസം മുമ്പ് ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്റെ 11 കപ്പലുകള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ അവ ഒന്നുമില്ലെന്ന സന്ദേശത്തോടൊപ്പം വീഡിയോയും യു എസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു.
