ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍; മുന്നറിയിപ്പായി വെടിയുതിര്‍ത്തെന്ന് ഐ ആര്‍ ജി സി

ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍; മുന്നറിയിപ്പായി വെടിയുതിര്‍ത്തെന്ന് ഐ ആര്‍ ജി സി


തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) നാവികസേന പ്രഖ്യാപിച്ചു. കടലിടുക്കിലൂടെ കടന്നുപോകാന്‍ ശ്രമിച്ച ചില കപ്പലുകള്‍ക്ക് നേരെ മുന്നറിയിപ്പായി വെടിയുതിര്‍ത്തതായും അതില്‍ ഒരു കപ്പലിന് ആഘാതമേറ്റതിനെ തുടര്‍ന്ന് യാത്ര നിര്‍ത്തേണ്ടിവന്നതായും ഐ ആര്‍ ജി സി ടെലഗ്രാമിലൂടെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.


അമേരിക്കയുടെ പ്രാദേശിക ഇടപെടലുകള്‍ അവസാനിക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്നും ഇനിയൊരു കപ്പലിനെയും ഇതുവഴി കടന്നുപോകാന്‍ അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.


ഇറാനെതിരെ പുതിയ ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും മേഖലയിലെ ശത്രുരാജ്യങ്ങളുടെ പുതിയ സൈനിക താവളങ്ങളും ലക്ഷ്യമിടുമെന്നും ഐ ആര്‍ ജി സി മുന്നറിയിപ്പ് നല്‍കി. ഈ പ്രഖ്യാപനം ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഐ ആര്‍ ഐ ബി സംപ്രേഷണം ചെയ്തു. സംഭവത്തെ മറയാക്കി എതിരാളികള്‍ ഏതെങ്കിലും സൈനിക നീക്കം നടത്തിയാല്‍ അതിനും കടുത്ത മറുപടി നല്‍കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അര്‍ധസര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് കപ്പലിന് നേരെ ക്രൂയിസ് മിസൈല്‍ പ്രയോഗിച്ചതായും റിപ്പോര്‍ട്ട് ചെയ്തു.


അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഘ്ചി ഒമാന്റെ വിദേശകാര്യമന്ത്രി സയ്യിദ് ബദര്‍ അല്‍ബുസൈദിയുമായി മസ്‌കറ്റില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടക്കാല ധാരണയുടെ ഭാഗമായി കടല്‍ ഗതാഗതം സുരക്ഷിതമായി തുടരാനുള്ള മാര്‍ഗങ്ങളാണ് ചര്‍ച്ചയില്‍ പ്രധാനമായും പരിഗണിച്ചതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


ഇതിനിടെ, ശനിയാഴ്ച പുറത്തിറക്കിയ സന്ദേശത്തില്‍ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖംനേയി യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഇത് ഇറാന്‍ ജനതയുടെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


മറുവശത്ത്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. ഇറാന്‍ അമേരിക്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ചാല്‍ രാജ്യം 'പൂര്‍ണമായും തകര്‍ക്കാന്‍' ആയിരം മിസൈലുകള്‍ സജ്ജമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഇതിനാവശ്യമായ ഉത്തരവുകള്‍ ഇതിനകം നല്‍കിയിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇറാനിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളും അമേരിക്കന്‍ സൈന്യം നശിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം അവകാശപ്പെട്ടു.