പ്രതിഷേധക്കാരുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ 'ബുള്ളറ്റ് ഫീസ്'; ഇറാനില്‍ 5 ലക്ഷം ടോമാന്‍ ആവശ്യപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്

പ്രതിഷേധക്കാരുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ 'ബുള്ളറ്റ് ഫീസ്'; ഇറാനില്‍ 5 ലക്ഷം ടോമാന്‍ ആവശ്യപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്


ടെഹ്‌റാന്‍: ഇറാനില്‍ രണ്ടാഴ്ചയായി തുടരുന്ന രൂക്ഷമായ പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹം കുടുംബങ്ങള്‍ക്ക് കൈമാറാന്‍ 500 മില്യണ്‍ ടോമാന്‍ (ഏകദേശം 5,000 ഡോളര്‍) ഈടാക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ന്യൂയോര്‍ക് പോസ്റ്റ് ടെഹ്‌റാനിലെ ഒരു യുവതിയുമായി നടത്തിയ സംഭാഷണത്തെ അടിസ്ഥാനമാക്കി പുറത്തുവിട്ട വിവരമനുസരിച്ച്, സര്‍ക്കാര്‍ ഇതിനെ 'ബുള്ളറ്റ് ഫീസ്' എന്നാണ് വിളിക്കുന്നത്.

പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ച ഒരാളുടെ മൃതദേഹം ലഭിക്കാന്‍ കുടുംബം ഈ തുക അടയ്‌ക്കേണ്ടിവന്നതായി യുവതി പറഞ്ഞു. തന്റെ അടുത്ത സുഹൃത്തിന്റെ ബന്ധുവാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടതെന്നും, ഭാര്യയെ രക്ഷിക്കാന്‍ മുന്നില്‍ നിന്നപ്പോള്‍ മുഖത്ത് വെടിയേറ്റാണ് മരണമെന്നും അവള്‍ വെളിപ്പെടുത്തി. മൃതദേഹം ലഭിക്കാന്‍ 500 മില്യണ്‍ ടോമാന്‍ 'ബുള്ളറ്റ് ഫീസ്' നല്‍കിയിട്ടും, ഔദ്യോഗിക രേഖകളില്‍ മരണകാരണം 'മുഖത്ത് മൂര്‍ച്ചയുള്ള വസ്തുവിന്റെ ആഘാതം' എന്നാണ് രേഖപ്പെടുത്തിയതെന്നും അവള്‍ പറഞ്ഞു.

ടെഹ്‌റാനിലും മറ്റു നഗരങ്ങളിലും ജനകീയ പ്രക്ഷോഭം ദിനംപ്രതി ശക്തമാകുകയാണ്. കഴിഞ്ഞ വ്യാഴം-വെള്ളി ദിവസങ്ങളില്‍ ജനക്കൂട്ടം അത്രയും വലുതായിരുന്നുവെന്ന് അവള്‍ പറഞ്ഞു; പൊലീസും റവല്യൂഷനറി ഗാര്‍ഡും പോലും അമ്പരന്നുപോയി. കണ്ണീര്‍വാതകം, മുളകുപൊടി, ശബ്ദബോംബുകള്‍ എന്നിവ ഉപയോഗിച്ച് ജനത്തെ ചിതറിക്കാന്‍ ശ്രമിച്ചിട്ടും കുട്ടികളോടുകൂടി പോലും ആളുകള്‍ തെരുവിലിറങ്ങുന്നതായും അവള്‍ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭിണിയായ സ്ത്രീയെ പോലും പ്രതിഷേധത്തിനിടെ കണ്ടതായും, വര്‍ഷങ്ങളായി പീഡനം അനുഭവിച്ച മുതിര്‍ന്നവരും യുവാക്കള്‍ക്കൊപ്പം നിലകൊള്ളുന്നതായും അവള്‍ പറഞ്ഞു. ശനിയാഴ്ച മുതല്‍ ആന്റിടെററിസ്റ്റ് സേനയെ വരെ ഇറക്കി പ്രതിഷേധം അടിച്ചമര്‍ത്തുകയാണെന്നും, നിരപരാധികളായും മുദ്രാവാക്യം വിളിക്കുന്നവരെയും വെടിവെച്ച് വീഴ്ത്തുകയാണെന്നും യുവതി ആരോപിച്ചു.

മനുഷ്യാവകാശ സംഘടനകള്‍ ഔദ്യോഗികമായി 2,000ത്തിലധികം മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, തെരുവുകളില്‍ 10,000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായി കേള്‍ക്കുന്നുവെന്ന് അവള്‍ പറയുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ലഭിക്കാന്‍ കുടുംബങ്ങള്‍ സര്‍ക്കാര്‍ ചുമത്തുന്ന 'ബുള്ളറ്റ് ഫീസ്' അടയ്‌ക്കേണ്ടിവരുന്നത് 'അത്യന്തം ക്രൂരത'യാണെന്ന് അവള്‍ വിശേഷിപ്പിച്ചു. അവള്‍ക്ക് തന്നെ പരിചയമുള്ള അഞ്ചുപേര്‍ ഇതിനകം കൊല്ലപ്പെട്ടതായും, അതില്‍ മൂന്നു പേര്‍ ബന്ധുവിന്റെ സുഹൃത്തുക്കളും രണ്ടുപേര്‍ അമ്മയുടെ സുഹൃത്തുകളുടെ മക്കളുമാണെന്നും അവള്‍ പറഞ്ഞു.

ഇറാനില്‍ ഇന്റര്‍നെറ്റ് പൂര്‍ണമായും നിലച്ചതോടെ രാജ്യം പുറംലോകത്തില്‍ നിന്ന് വേര്‍പെട്ട നിലയിലാണ്. ചിലപ്പോള്‍ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് വഴിയാണ് വിവരം ലഭിക്കുന്നതെന്നും, സുരക്ഷാസേന വീടുകളില്‍ കയറി സാറ്റലൈറ്റ് ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതായും അവള്‍ പറഞ്ഞു. ഡ്രോണുകള്‍ ഉപയോഗിച്ച് ആളുകളെ തിരിച്ചറിയുകയും, പ്രതിഷേധം നിര്‍ത്തണമെന്ന് മുന്നറിയിപ്പുകള്‍ അയക്കുകയും ചെയ്യുന്നുവെന്നും അവള്‍ വെളിപ്പെടുത്തി. 'ഈ ഭരണകൂടം അത്യന്തം ക്രൂരവും രക്തദാഹികളുടേതുമാണ്; എല്ലാവരെയും കൊല്ലാന്‍ പോലും മടിയില്ലാത്തവര്‍ ', എന്നാണ് യുവതിയുടെ വാക്കുകള്‍.