ആര്‍ എ എഫ് ഫെയര്‍ഫോര്‍ഡ് സുരക്ഷാ സംഭവത്തെ 'വ്യാജ പതാകാ നീക്കം' എന്ന് ഇറാന്‍; ബ്രിട്ടന്റെ ആരോപണങ്ങള്‍ തള്ളി

ആര്‍ എ എഫ് ഫെയര്‍ഫോര്‍ഡ് സുരക്ഷാ സംഭവത്തെ 'വ്യാജ പതാകാ നീക്കം' എന്ന് ഇറാന്‍; ബ്രിട്ടന്റെ ആരോപണങ്ങള്‍ തള്ളി


തെഹ്‌റാന്‍: ആര്‍ എ എഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തിലെ സുരക്ഷാ ഭീഷണിയുമായി ഇറാനെ ബന്ധിപ്പിച്ച ബ്രിട്ടീഷ് ആരോപണങ്ങളെ ഇറാന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുന്നതിനായി 'വളരെ സാധ്യതയുണ്ട്', 'ഏതാണ്ട് ഉറപ്പാണ്' തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതിനെ ഇറാന്‍ വിമര്‍ശിച്ചു. അതേസമയം, ഇത്തരം ആരോപണങ്ങളുടെ രാഷ്ട്രീയവും നിയമപരവുമായ ഉത്തരവാദിത്തവും അവയുടെ പ്രത്യാഘാതങ്ങളും ഒഴിവാക്കാനാണ് ബ്രിട്ടന്‍ ശ്രമിക്കുന്നതെന്നും ഇറാന്‍ കുറ്റപ്പെടുത്തി. ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തിലെ സംഭവത്തെ 'വ്യാജ പതാകാ നീക്കം' എന്ന് വിശേഷിപ്പിച്ച ഇറാന്‍ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളി.

ഇറാനെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഇറാന്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രാലയം പൂര്‍ണമായും തള്ളുന്നതായും കെട്ടിച്ചമച്ച ആരോപണങ്ങളുടെ ഫലമായുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും ബ്രിട്ടീഷ് സര്‍ക്കാരും വ്യാജ പതാകാ നീക്കത്തിന്റെ ആസൂത്രകരും നടത്തിപ്പുകാരും ഉത്തരവാദികളായിരിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മറ്റ് രാജ്യങ്ങള്‍ക്കെതിരെ സുരക്ഷാ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതിന്റെ ചരിത്രം ബ്രിട്ടനുണ്ടെന്നും ഇത്തരം നടപടികള്‍ പശ്ചിമേഷ്യയില്‍ ഗുരുതരമായ സംഘര്‍ഷങ്ങള്‍ക്കും ഏറ്റുമുട്ടലുകള്‍ക്കും കാരണമായിട്ടുണ്ടെന്നും ഇറാന്‍ ആരോപിച്ചു. ഈ പശ്ചാത്തലത്തില്‍ ബ്രിട്ടന്റെ നടപടി നിരുത്തരവാദപരമാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി.

സെപ്റ്റംബര്‍ 27ന് ഉണ്ടായ സുരക്ഷാ സംഭവത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം, ഈ നീക്കത്തില്‍ ഇറാന് പങ്കുണ്ടെന്നതിന് 'ശക്തമായ സൂചനകളുണ്ടെന്ന്' പരസ്യമായി പറഞ്ഞിരുന്നു.