ട്രംപിന്റെ ചൈന സന്ദർശനത്തിന് മുൻപ് ഷി ജിൻപിങിന്റെ ഗൾഫ് പദ്ധതി പിന്തുണച്ച് ഇറാൻ

ട്രംപിന്റെ ചൈന സന്ദർശനത്തിന് മുൻപ് ഷി ജിൻപിങിന്റെ ഗൾഫ് പദ്ധതി പിന്തുണച്ച് ഇറാൻ


ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും അമേരിക്ക-ഇറാൻ ബന്ധത്തിലെ തുടരുന്ന പ്രതിസന്ധിയും നിലനിൽക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംങ്  മുന്നോട്ടുവച്ച നാല് പോയിന്റ് ഗൾഫ് സുരക്ഷാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ഇറാൻ. പെർഷ്യൻ ഗൾഫ് മേഖലയിൽ സ്ഥിരതയും സംയുക്ത വികസനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ചൈനയിലെ ഇറാൻ അംബാസഡർ അബ്ദുൾ റെസ റഹ്മാനി ഫസ്ലി അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ്  ഡോണൾഡ് ട്രംപ് ഈ ആഴ്ച ചൈന സന്ദർശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഇറാന്റെ പിന്തുണ പ്രഖ്യാപനം ശ്രദ്ധേയമായത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടന്ന സമീപകാല കൂടിക്കാഴ്ചയിലും വിഷയം ചർച്ചയായതായി അംബാസഡർ എക്‌സിലൂടെ അറിയിച്ചു.

പശ്ചിമേഷ്യയിലും ഗൾഫ് മേഖലയിലും ദീർഘകാല സുരക്ഷയും സഹവികസനവും ഉറപ്പാക്കുകയാണ് ചൈനയുടെ നാല് പോയിന്റ് പദ്ധതിയുടെ ലക്ഷ്യം. സമാധാനം, ദേശീയ പരമാധികാരം, അന്താരാഷ്ട്ര നിയമം, പ്രാദേശിക സഹകരണം എന്നിവയാണ് പദ്ധതിയുടെ പ്രധാന അടിസ്ഥാനം എന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് വ്യക്തമാക്കി.

മിഡിൽ ഈസ്റ്റിലും പെർഷ്യൻ ഗൾഫ് മേഖലയിലും 'സമഗ്രവും സഹകരണപരവും സ്ഥിരതയാർന്നതുമായ' സുരക്ഷാ സംവിധാനം രൂപീകരിക്കണമെന്നാണ് ആദ്യ നിർദേശം. രണ്ടാം ഘട്ടത്തിൽ രാജ്യങ്ങളുടെ പരമാധികാരവും അതിർത്തി അഖണ്ഡതയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും സംരക്ഷണം ഉറപ്പാക്കണമെന്നും പദ്ധതിയിൽ പറയുന്നു.

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്ന മൂന്നാം നിർദേശം, ആഗോള വ്യവസ്ഥ 'കാട്ടുനിയമത്തിലേക്ക്' വഴുതിപ്പോകാതിരിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു. നാലാമത്തെ നിർദേശം വികസനവും സുരക്ഷയും തമ്മിൽ തുലനം ഉറപ്പാക്കിക്കൊണ്ട് പശ്ചിമേഷ്യയിൽ ദീർഘകാല സാമ്പത്തിക വളർച്ചക്കും സ്ഥിരതയ്ക്കുമായി പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

മെയ് 13 മുതൽ 15 വരെ ട്രംപ് ബെയ്ജിങ് സന്ദർശിച്ച് ഷി ജിൻപിങുമായി ഉന്നതതല ചർച്ചകൾ നടത്താനിരിക്കെയാണ് പുതിയ നയതന്ത്ര നീക്കങ്ങൾ ശ്രദ്ധ നേടുന്നത്.