ദോഹ: ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഖത്തറിന്റെ ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി ശേഷിയുടെ 17 ശതമാനം വരെ നിലച്ചതായി ഖത്തര്‍ എനര്‍ജി സി ഇ ഒ സാദ് അല്‍കാബി അറിയിച്ചു. ഇതുമൂലം വര്‍ഷംതോറും ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ വരുമാന നഷ്ടമുണ്ടാകുമെന്നും യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഉള്ള വിതരണത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിലെ 14 എല്‍ എന്‍ ജി യൂണിറ്റുകളില്‍ രണ്ടും രണ്ട് ഗ്യാസ്-ടു-ലിക്വിഡ് പ്ലാന്റുകളില്‍ ഒന്നും ആക്രമണത്തില്‍ കേടുപാടുകള്‍ക്ക് ഇരയായതായി സാദ് അല്‍ കാബി പറഞ്ഞു. ഇതിന്റെ പരിഹാരപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ വേണ്ടിവരുമെന്നും വര്‍ഷത്തില്‍ 12.8 മില്യണ്‍ ടണ്‍ എല്‍ എന്‍ ജി ഉല്‍പാദനം ഇതോടെ ബാധിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റമദാന്‍ മാസത്തില്‍ സഹോദര രാജ്യത്തില്‍ നിന്ന് ഇത്തരമൊരു ആക്രമണം നേരിടേണ്ടിവരുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
അമേരിക്കന്‍ എണ്ണകമ്പനിയായ എക്‌സോണ്‍മൊബില്‍ ഈ കേടുപാടുകള്‍ സംഭവിച്ച എല്‍ എന്‍ ജി പ്ലാന്റുകളുടെ പങ്കാളിയാണ്. ടെക്‌സസില്‍ ആസ്ഥാനം ഉള്ള ഈ കമ്പനി എല്‍ എന്‍ ജി ട്രെയിന്‍ എസ്4ല്‍ 34 ശതമാനവും എസ്6ല്‍ 30 ശതമാനവും ഓഹരി വഹിക്കുന്നതായി കാബി വ്യക്തമാക്കി.
എല്‍ എന്‍ ജി മാത്രമല്ല, മറ്റു ഉത്പന്നങ്ങളുടെയും കയറ്റുമതിയില്‍ വലിയ കുറവ് ഉണ്ടാകും. കണ്ടന്‍സേറ്റ് കയറ്റുമതി ഏകദേശം 24 ശതമാനം കുറയും. ദ്രവീകൃത പെട്രോളിയം വാതകം 13 ശതമാനം കുറയും. ഹീലിയം ഉല്‍പാദനം 14 ശതമാനം കുറഞ്ഞേക്കും. നാഫ്തയും സള്‍ഫറും 6 ശതമാനം വീതം കുറയുമെന്ന് കണക്കാക്കുന്നു.
കേടുപാടുകള്‍ സംഭവിച്ച ഈ യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ ഏകദേശം 26 ബില്യണ്‍ ഡോളര്‍ ചെലവായതായി സി ഇ ഒ പറഞ്ഞു.
ഉത്പാദനം പുന:രാരംഭിക്കാന്‍ ആദ്യം സംഘര്‍ഷാവസ്ഥ അവസാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
