ടെഹ്‌റാന്‍: ഹിജാബില്ലാതെ സ്ത്രീകളെ മാരത്തോണില്‍ പങ്കെടുക്കാന്‍ അനുവദിച്ചെന്നാരോപിച്ച്, പരിപാടിയുടെ സംഘാടകരായ രണ്ടപേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ നീതിന്യായവകുപ്പ് അറിയിച്ചു. തെക്കന്‍ തീരത്തുള്ള കിഷ് ദ്വീപില്‍ വെള്ളിയാഴ്ച നടന്ന മാരത്തോണില്‍ 2,000 സ്ത്രീകളും 3,000 പുരുഷന്മാരും വേര്‍തിരിച്ചാണ് ഓടിയത്. ചുവപ്പ് ടിഷര്‍ട്ടുകളണിഞ്ഞ് ഓടിയ സ്ത്രീകളില്‍ ചിലര്‍ തലമൂടി ധരിച്ചിരുന്നില്ലെന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ആണ് നടപടിയെടുത്തത്.
ഇറാനില്‍ വസ്ത്രധാരണ നിയന്ത്രണങ്ങള്‍ക്കെതിരെ യുവതികളില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളിയുടെ മറ്റൊരു സൂചനയായിട്ടാണ് പലരും ഈ ദൃശ്യങ്ങളെ സ്വാഗതം ചെയ്തത്. എന്നാല്‍ അധികാരികളും മത നേതാക്കളും ഇതിനെ നിലനില്‍ക്കുന്ന വ്യവസ്ഥകളോട് നേരിട്ടുള്ള വെല്ലുവിളിയായി കണ്ട് കടുത്ത രീതിയിലാണ് പ്രതികരിച്ചത്. 'പൊതു മര്യാദയുടെ ലംഘനം' എന്നാണ് കിഷിലെ പ്രോസിക്യൂട്ടര്‍ ഈ മാരത്തോണിനെ വിശേഷിപ്പിച്ചത്.
സ്തീകള്‍ പങ്കെടുക്കുന്ന കായിക പരിപാടികളില്‍ പുരുഷന്മാരെയും പുരുഷന്മാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് സ്ത്രീകളെയും ഒഴിവാക്കുന്ന രീതിയാണ് പൊതുവെ നടന്നുവന്നിരുന്നത്. അതില്‍ തന്നെ സ്ത്രീകള്‍ക്കുവേണ്ടിയുള്ള കായിക ഇനങ്ങളോടും അവര്‍ കൂട്ടം ചേരുന്നതിനോടും ഇറാന്‍ നേതൃത്വം വിമുഖതയാണ് പ്രകടിപ്പിക്കുന്നത്.
2022ല്‍ മഹ്‌സാ അമിനിയുടെ മരണത്തിനുശേഷമുള്ള വിപ്ലവാത്മക പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടെങ്കിലും, ചില സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കാത്തതിലൂടെ നിയമത്തെ തുടര്‍ന്നും വെല്ലുവിളിച്ചു വരുന്നു. ഇതോടെയാണ് അധികാരികള്‍ വീണ്ടും കര്‍ശന നടപടിയിലേക്ക് വഴിമാറിയിരിക്കുന്നത്.
'നീതി, സംസ്‌കാരം എന്നിവ തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങളെ തിരിച്ചറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യാന്‍' ഇന്റലിജന്‍സ് ഏജന്‍സികളോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് നീതിന്യായ മേധാവി ഘൊലംഹൊസെയ്ന്‍ മൊഹ്‌സേനി ഇജെയി വ്യക്തമാക്കി. സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് യുവതലമുറയും ഭരണകൂടവും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഈ പുതിയ നടപടിയും.
സ്ത്രീകള്‍ ഹിജാബില്ലാതെ മാരത്തോണില്‍ പങ്കെടുത്തു: പരിപാടിയുടെ സംഘാടകരെ അറസ്റ്റു ചെയ്ത് ഇറാന്‍
