കീവ്: കാസ്പിയന്‍ കടലില്‍ നടന്ന കപ്പല്‍ ആക്രമണത്തെ തുടര്‍ന്ന് രൂപപ്പെട്ട സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി യുക്രെയ്‌നും ഇറാനും. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം 'തുറന്നതും വ്യക്തവുമായ ചര്‍ച്ച'യായിരുന്നുവെന്ന് യുക്രെയ്ന്‍ അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും 'അനാവശ്യമായ സംഘര്‍ഷം' ഒഴിവാക്കണമെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയോട് ആവശ്യപ്പെട്ടു. കാസ്പിയന്‍ കടലിലെ സംഭവത്തിന് പിന്നാലെ കീവും തെഹ്‌റാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്.
ഇറാന്റെ വാണിജ്യ കപ്പലിനെ ആക്രമിച്ചുവെന്ന ആരോപണവുമായി ഇറാന്‍ ശക്തമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നയതന്ത്രതലത്തില്‍ ആശയവിനിമയം നടന്നത്. അതേസമയം, കാസ്പിയന്‍ കടലിലൂടെ സൈനിക ചരക്കുകള്‍ കൊണ്ടുപോകുകയായിരുന്ന രണ്ട് റഷ്യന്‍ കപ്പലുകളെ തങ്ങളുടെ ഡ്രോണുകള്‍ ലക്ഷ്യമിട്ടതായി യുക്രെയ്ന്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ അറിയിച്ചിരുന്നു. ആക്രമിക്കപ്പെട്ട കപ്പലുകള്‍ ഇറാനില്‍ നിന്ന് പുറപ്പെട്ട് റഷ്യന്‍ തുറമുഖത്തേക്കാണ് പോയിരുന്നതെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടു.
എന്നാല്‍ ഈ വാദം ഇറാന്‍ തള്ളി. ഇരുമ്പ് ചരക്കുമായി സഞ്ചരിച്ചിരുന്ന ഇറാന്റെ ഒരു വാണിജ്യ കപ്പലാണ് ആക്രമിക്കപ്പെട്ടതെന്നും സംഭവത്തില്‍ ഒരു ഇറാനിയന്‍ നാവികന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തെഹ്‌റാന്‍ അറിയിച്ചു.
റഷ്യയുടെ അധിനിവേശത്തിനെതിരായ പ്രതിരോധത്തിന്റെ ഭാഗമായാണ് യുക്രെയ്ന്‍ സൈനിക നടപടികള്‍ സ്വീകരിക്കുന്നതെന്നും സാധാരണ ജനങ്ങളെയോ സിവിലിയന്‍ കപ്പലുകളെയോ ലക്ഷ്യമിടുക ഉദ്ദേശ്യമല്ലായിരുന്നുവെന്നും സിബിഹ വ്യക്തമാക്കി.
ഇറാന്‍ ഉന്നയിച്ച പൗരന്റെ മരണവും സിവിലിയന്‍ കപ്പലിന് സംഭവിച്ച നാശനഷ്ടവും സംബന്ധിച്ച ആരോപണങ്ങള്‍ക്കും ഇതേ വിശദീകരണം ബാധകമാണെന്നും എല്ലാ സംഭവങ്ങളുടെയും മൂലകാരണം റഷ്യന്‍ അധിനിവേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് എക്‌സില്‍ പ്രതികരിച്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ഇറാനിയന്‍ കപ്പലിന് നേരെയുണ്ടായ ആക്രമണം മനഃപൂര്‍വമല്ലായിരുന്നുവെന്നും വിഷയം കൂടുതല്‍ വഷളാക്കാന്‍ കീവ് ആഗ്രഹിക്കുന്നില്ലെന്നും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ഉറപ്പുനല്‍കിയതായി അറിയിച്ചു.
ഇറാനും സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇറാനിയന്‍ പൗരന്മാര്‍ക്കോ രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്കോ നേരെയുള്ള ഏത് ആക്രമണവും അംഗീകരിക്കാനാവില്ലെന്ന് തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഉണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കേണ്ടതുമുണ്ടെന്നും അറാഘ്ചി പറഞ്ഞു.
