മനഃശാസ്ത്ര യുദ്ധവുമായി ഇറാന്‍, അമേരിക്ക, ഇസ്രായേല്‍; ആണവാക്രമണ ഭീഷണിയും യുദ്ധനാശത്തിന്റെ കണക്കുകളും പുറത്ത്

മനഃശാസ്ത്ര യുദ്ധവുമായി ഇറാന്‍, അമേരിക്ക, ഇസ്രായേല്‍; ആണവാക്രമണ ഭീഷണിയും യുദ്ധനാശത്തിന്റെ കണക്കുകളും പുറത്ത്


വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധഭീതി വീണ്ടും ശക്തമാകുന്നതിനിടെ ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള പോരാട്ടം സൈനിക നീക്കങ്ങള്‍ക്കപ്പുറം മനഃശാസ്ത്ര യുദ്ധത്തിലേക്കും വ്യാപിക്കുന്നു. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച സംഘര്‍ഷത്തിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ വ്യക്തമാക്കുന്നതായി അവകാശപ്പെടുന്ന ഉപഗ്രഹ ചിത്രങ്ങള്‍ മുതല്‍ അമേരിക്കയുടെ പുതിയ സൈനിക പദ്ധതികളെക്കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ വരെ യുദ്ധസാഹചര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇറാനെതിരെ ആണവാക്രമണം ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

ഭീഷണികള്‍, സൈനികശേഷി സംബന്ധിച്ച അവകാശവാദങ്ങള്‍, നാശനഷ്ടങ്ങളുടെ ദൃശ്യങ്ങള്‍, ആണവാക്രമണ മുന്നറിയിപ്പുകള്‍ എന്നിവയിലൂടെ ഓരോ വിഭാഗവും എതിരാളികളുടെയും പൊതുജനങ്ങളുടെയും മനോവീര്യത്തെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ്. നയതന്ത്ര നീക്കങ്ങള്‍ സ്തംഭനാവസ്ഥയിലായിരിക്കെ നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷം വീണ്ടും സൈനിക നീക്കങ്ങള്‍ ആരംഭിക്കുമോയെന്ന ആശങ്കയും ശക്തമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്റെ ഔദ്യോഗിക വൃത്തങ്ങളും ഭരണകൂടവുമായി ബന്ധമുള്ള മാധ്യമങ്ങളും മുന്നറിയിപ്പുകള്‍ ശക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ നേരത്തേ പുറത്തുവന്നതിനേക്കാള്‍ വ്യാപകമാണെന്ന് സൂചിപ്പിക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം, ഇറാന്റെ ആണവ- സൈനിക കേന്ദ്രങ്ങളായ നതാന്‍സ്, ബന്ദര്‍ അബ്ബാസിലെ നാവികസേനാ കേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍, മിസൈല്‍ അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്കും വ്യാപകമായ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

കുവൈത്ത്, ബഹ്റൈന്‍, യു എ ഇ, ഖത്തര്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും അമേരിക്കയുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ ആറുമാസത്തിനിടെ പശ്ചിമേഷ്യയിലെ 24 സൈനിക കേന്ദ്രങ്ങളിലായി 274 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

നാശനഷ്ടങ്ങളുടെ സാമ്പത്തിക മൂല്യം കോടിക്കണക്കിന് ഡോളര്‍ വരുമെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കുണ്ടായ നാശനഷ്ടം അഞ്ച് മുതല്‍ 15 ബില്യണ്‍ ഡോളര്‍ വരെയാകാമെന്നാണ് പത്രം ഉദ്ധരിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ കണക്ക്. പുനര്‍നിര്‍മാണത്തിന് മാത്രം നാല് ബില്യണ്‍ ഡോളറിലധികം ചെലവാകാനും സാധ്യതയുണ്ട്.

പുതിയ ആക്രമണമുണ്ടായാല്‍ അതിന് ഭൂമിശാസ്ത്രപരമായ പരിധികളില്ലാതെ തിരിച്ചടി നല്‍കുമെന്ന നിലപാടിലാണ് ഇറാന്‍. രാജ്യത്തിന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി സൈനിക മേധാവികളോട് ലക്ഷ്യങ്ങളുടെ പട്ടിക പുതുക്കാനും അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ ഉടന്‍ പ്രതികരിക്കാനും നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഒക്ടോബര്‍ 31ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഉടമസ്ഥതയിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ ആസ്തികളും ലക്ഷ്യമിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. സംഘര്‍ഷം അവസാനിപ്പിക്കേണ്ട സമയവും സാഹചര്യങ്ങളും സായുധസേന തീരുമാനിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുതിയൊരു യുദ്ധഘട്ടം ആരംഭിച്ചാല്‍ അത് മുന്‍പത്തേതിനേക്കാള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കാമെന്ന് ഇറാന്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രാമിനിയ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധം എപ്പോള്‍ അവസാനിക്കണമെന്ന് അമേരിക്കയ്ക്ക് ഏകപക്ഷീയമായി തീരുമാനിക്കാനാകില്ലെന്നും ഇറാന്‍ വ്യക്തമാക്കുന്നു.

യുദ്ധത്തിന്റെ തീ കൂടുതല്‍ വിശാലമായ ഭൂപ്രദേശങ്ങളിലേക്ക് വ്യാപിക്കാമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പശ്ചിമേഷ്യയ്ക്കപ്പുറത്തേക്കും സംഘര്‍ഷം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് അക്രാമിനിയ പറഞ്ഞു. സൈനിക സജ്ജീകരണങ്ങള്‍ ശക്തിപ്പെടുത്തിയതായും ലക്ഷ്യങ്ങളുടെ വിവരശേഖരം പുതുക്കിയതായും പ്രതിരോധ- ആക്രമണ ശേഷി വര്‍ധിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

സ്വന്തം അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ മാത്രം ഒതുങ്ങാതെ അതിര്‍ത്തിക്കപ്പുറത്തേക്കും തിരിച്ചടി നല്‍കാന്‍ കഴിയുന്ന സൈനിക ശേഷിയിലാണ് ഇറാന്‍ ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. അമേരിക്കന്‍ സൈനിക സാന്നിധ്യമുള്ള അയല്‍ ഗള്‍ഫ് രാജ്യങ്ങള്‍, ഊര്‍ജമേഖലാ അടിസ്ഥാനസൗകര്യങ്ങള്‍, കപ്പല്‍ ഗതാഗതം, പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ എന്നിവയും ഇറാന്റെ മുന്നറിയിപ്പുകളില്‍ ഉള്‍പ്പെടുന്ന ലക്ഷ്യങ്ങളാണ്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ കൂടുതല്‍ സൈനിക നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ചുവരികയാണ്. ശേഷിക്കുന്ന ലക്ഷ്യങ്ങള്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന സൂചനയും അദ്ദേഹം നല്‍കിയിട്ടുണ്ട്.

നതാന്‍സിന് സമീപമുള്ള ഇറാന്റെ അതീവ സുരക്ഷിതമായ ഭൂഗര്‍ഭ കേന്ദ്രമായ 'പിക്കാക്‌സ് മൗണ്ടന്‍' പത്തുമിനിറ്റിനുള്ളില്‍ തകര്‍ക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്നാണ് ട്രംപ് അടുത്തിടെ അവകാശപ്പെട്ടത്. ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനായി ഒരുക്കിയ കേന്ദ്രമാണിതെന്നാണ് വിലയിരുത്തല്‍.

അതേസമയം, ആണവകേന്ദ്രങ്ങള്‍ക്ക് ചുറ്റും പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഇറാന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി നടത്തിയ ഉപഗ്രഹചിത്ര വിശകലനമനുസരിച്ച് ഒക്ടോബര്‍ ഏഴുവരെ പിക്കാക്‌സ് മൗണ്ടനിലെ ഭൂഗര്‍ഭ സമുച്ചയത്തിലേക്കുള്ള പ്രവേശനകവാടങ്ങള്‍ മണ്ണിട്ട് അടച്ച നിലയിലായിരുന്നു.

മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വിവരങ്ങളും യുദ്ധത്തിന്റെ മനഃശാസ്ത്രപരമായ വശത്തെ ശക്തിപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ മാധ്യമമായ ആക്‌സിയോസ് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനെതിരായ സൈനിക നടപടികള്‍ക്കായി പെന്റഗണ്‍ പരിഗണിക്കുന്ന വിവിധ സാധ്യതകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷം ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുന്നതിനുള്ള പദ്ധതികള്‍ അമേരിക്കയും ഇസ്രായേലും തയ്യാറാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പിക്കാക്‌സ് മൗണ്ടന്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ ആക്രമണലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടേക്കാമെന്ന് ഇസ്രായേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എബിസി ന്യൂസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇറാന്റെ ആണവകേന്ദ്രങ്ങള്‍, ഊര്‍ജമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍, മിസൈല്‍- ഡ്രോണ്‍ ശേഖരങ്ങള്‍ എന്നിവ പുതിയ ആക്രമണങ്ങളുടെ ലക്ഷ്യങ്ങളായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനകളും പുതിയ സംഘര്‍ഷസാഹചര്യത്തില്‍ ശ്രദ്ധേയമാണ്. ഇറാന്റെ ആണവഭീഷണി ഉയര്‍ത്തിക്കാട്ടുന്ന അദ്ദേഹം, അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനോട് ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതായും അതില്‍ ആണവാക്രമണ സാധ്യത ഉള്‍പ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒക്ടോബര്‍ 27ന് നടന്ന ഇസ്രായേല്‍ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം മുമ്പ് നെതന്യാഹു പങ്കുവെച്ച എഐ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം വിവാദമായിരുന്നു. ടെല്‍ അവീവിന് മുകളില്‍ ആണവസ്‌ഫോടനം നടക്കുന്നതായി ചിത്രീകരിച്ച ദൃശ്യത്തിലൂടെ ഇറാനെ നേരിടാന്‍ കഴിവില്ലാത്ത നേതാവിനെ തെരഞ്ഞെടുക്കുന്നത് ഇസ്രായേലികളെ മറ്റൊരു ഹോളോകോസ്റ്റിന്റെ ഭീഷണിയിലേക്ക് നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം നേടാനായില്ല. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭയം ഉപയോഗിക്കുകയാണെന്ന വിമര്‍ശനവും ചിത്രത്തെ തുടര്‍ന്ന് ഉയര്‍ന്നു. ഇറാന്റെ ആണവഭീഷണിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കേന്ദ്രവിഷയമാക്കാനുള്ള ശ്രമമായാണ് ഈ നീക്കത്തെ വിമര്‍ശകര്‍ വിലയിരുത്തിയത്.

പതിറ്റാണ്ടുകളായി ഇറാന്റെ ആണവപദ്ധതിയെ ഇസ്രായേലിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായാണ് നെതന്യാഹു അവതരിപ്പിച്ചുവരുന്നത്. ഇറാന്റെ ഭരണകൂടത്തിനെതിരായ സൈനിക നീക്കം അമേരിക്കയുമായി ചേര്‍ന്ന് പൂര്‍ത്തിയാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഇറാനിലെ ഭരണകൂടത്തെ മാറ്റുകയെന്നത് മാത്രമാണ് ടെഹ്റാനില്‍നിന്നുള്ള ഭീഷണിക്ക് ശാശ്വത പരിഹാരമെന്ന വാദവും നെതന്യാഹു ആവര്‍ത്തിച്ചിട്ടുണ്ട്. ഇസ്രായേല്‍ തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇറാന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ മൊസാദിനും സൈന്യത്തിനും നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞിരുന്നു.

ഇസ്രായേലിനെതിരായേക്കാവുന്ന ആണവനാശം തടയാന്‍ അമേരിക്കയും ഇസ്രായേലും നടത്തിയ സൈനിക നടപടികള്‍ക്ക് കഴിഞ്ഞുവെന്നും നെതന്യാഹു പലവട്ടം അവകാശപ്പെട്ടിട്ടുണ്ട്.