അമേരിക്കയുമായും ഇസ്രായേലുമായും തുടരുന്ന യുദ്ധത്തിനിടയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെഷ സ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചിയും
അപൂർവമായി പൊതുജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ടു. ഇസ്ലാമിക് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ടെഹ്റാൻ നഗരത്തിലെ റാലിയിലാണ് ഇരുവരും പങ്കെടുത്തത്.
സുരക്ഷാ ക്രമീകരണങ്ങളില്ലാതെ തെരുവിലൂടെ നടന്ന് ജനങ്ങളുമായി സംവദിക്കുന്നതും സെൽഫികൾ എടുക്കുന്നതുമായ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. അമേരിക്കയും ഇസ്രായേലും വധശ്രമ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ ഈ തുറന്ന പൊതുപ്രത്യക്ഷം ശ്രദ്ധ നേടിയത്.
“ജനങ്ങളോടൊപ്പം ഇരിക്കാൻ, അവരുടെ ആവേശത്തിൽ നിന്ന് ഊർജം നേടാൻ, ഐക്യത്തിന്റെ ശക്തി അനുഭവിക്കാൻ” തന്നെയാണ് റാലിയിൽ പങ്കെടുത്തതെന്ന് അരാഘ്ചി പ്രതികരിച്ചു.
ഇതിനിടെ, യുദ്ധം ഒരു മാസമായി തുടരുമ്പോൾ ഇറാനും ഗൾഫ് മേഖലയിലുടനീളം അമേരിക്കൻ-ഇസ്രായേൽ കേന്ദ്രങ്ങൾക്കെതിരെ തിരിച്ചടികൾ ശക്തമാക്കിയിരിക്കുകയാണ്.
