ഇറാന്‍ പരമോന്നത നേതാവിന് പാകിസ്താന്‍ നേതൃത്വത്തിന്റെ പ്രത്യേക സന്ദേശവുമായി ആഭ്യന്തര മന്ത്രി തെഹ്‌റാനില്‍

ഇറാന്‍ പരമോന്നത നേതാവിന് പാകിസ്താന്‍ നേതൃത്വത്തിന്റെ പ്രത്യേക സന്ദേശവുമായി ആഭ്യന്തര മന്ത്രി തെഹ്‌റാനില്‍


തെഹ്‌റാന്‍: പാകിസ്താന്റെ രാഷ്ട്രീയ- സൈനിക നേതൃത്വത്തിന്റെ പ്രത്യേക സന്ദേശവുമായി ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി ഇറാനിലെത്തിയതായി റിപ്പോര്‍ട്ട്. തെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള നയതന്ത്ര നീക്കങ്ങള്‍ വീണ്ടും സജീവമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ ആര്‍ എന്‍ എയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറാന്‍ ആഭ്യന്തര മന്ത്രി എസ്‌കന്ദര്‍ മൊമേനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് നഖ്വി ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെയും സന്ദേശമാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് മൊജ്തബ ഖംനേയിക്ക് കൈമാറാനുള്ളതെന്ന് നഖ്വി പറഞ്ഞു. നിലവിലെ പ്രാദേശിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന സന്ദേശമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ പാകിസ്താന്‍ വഹിക്കുന്ന സജീവ പങ്കിന് മൊമേനി നന്ദി അറിയിച്ചു.

അതിര്‍ത്തി സുരക്ഷ, ഭീകരവിരുദ്ധ സഹകരണം, മയക്കുമരുന്ന് കടത്ത് തടയല്‍, ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി മൊമേനി അറിയിച്ചു.

നിലവില്‍ ഏകദേശം 300 കോടി ഡോളറുള്ള വാര്‍ഷിക വ്യാപാര ഇടപാടുകള്‍ 1,000 കോടി ഡോളറായി ഉയര്‍ത്തുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തെഹ്‌റാനും ഇസ്ലാമാബാദും ധാരണയിലെത്തിയതായും അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ 'സഹോദരബന്ധം' എന്ന് വിശേഷിപ്പിച്ച നഖ്വി, മേഖലയിലെ നിലവിലെ സംഘര്‍ഷാവസ്ഥ ഉടന്‍ അവസാനിക്കുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു.

ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നീം റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ഉള്‍പ്പെടെ നിരവധി ഉന്നത ഇറാനിയന്‍ നേതാക്കളുമായും നഖ്വി കൂടിക്കാഴ്ച നടത്തും.

തെഹ്‌റാനും വാഷിങ്ടണും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് പാകിസ്താന്‍ മധ്യസ്ഥത വഹിക്കുന്ന നയതന്ത്ര പാതയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദേശങ്ങളാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് പാകിസ്താന്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചര്‍ച്ചകളിലെ നിലവിലെ സ്തംഭനാവസ്ഥ മറികടക്കാനും ഇറാനും അമേരിക്കയും തമ്മില്‍ താത്ക്കാലിക ധാരണയിലെത്താനും സഹായിക്കുന്ന നിര്‍ദേശങ്ങള്‍ നഖ്വി അവതരിപ്പിക്കുമെന്നാണ് വിവരം.

ഫെബ്രുവരി 28ന് ആരംഭിച്ച ഇറാന്‍- അമേരിക്ക സംഘര്‍ഷത്തിന് പിന്നാലെ തെഹ്‌റാനും വാഷിങ്ടണും തമ്മില്‍ പാകിസ്താന്‍ മധ്യസ്ഥന്റെ പങ്ക് വഹിച്ചുവരികയാണ്.

പാകിസ്താന്റെ മധ്യസ്ഥതയില്‍ ഏപ്രില്‍ 8ന് താത്ക്കാലിക വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നെങ്കിലും കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളും തുടര്‍ന്നുണ്ടായ പ്രാദേശിക സംഭവവികാസങ്ങളും കാരണം പിന്നീട് ചര്‍ച്ചകള്‍ സ്തംഭനാവസ്ഥയിലായി.